പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഭാരതി ശിവജിയുടെ ശൈലിയിലുള്ള മോഹിനിയാട്ടത്തിനു അനന്തപുരി സാക്ഷ്യം വഹിക്കുന്നത്. ഹുസൈനി രാഗത്തിൽ ഭാരതി ശിവാജി ചിട്ടപ്പെടുത്തിയ “കനകമയമായീടും” എന്ന് തുടങ്ങുന്ന സ്വാതികൃതിയാണ് ഭാരതിയുടെ രണ്ടാം തലമുറയിലെ ശിഷ്യകൾ പത്മനാഭന്റെ മുന്നിൽ പകർന്നാടിയത്.
കേരളത്തിന്റെ തനത് സംഗീതശൈലിയായ സോപാനസംഗീതവും വാദ്യോപകരണകളും ഉൾപ്പെടുത്തി മോഹിനിയാട്ടത്തെ പരിപോഷിപ്പിച്ചതിന് രാജ്യം 2004-ഇൽ പത്മശ്രീ നൽകി ആദരിച്ച വ്യക്തിത്വമാണ് ഭാരതി ശിവജി. ബാംഗ്ലൂരിൽ നിന്നെത്തിയ സൗമ്യ ശങ്കറും രാജലക്ഷ്മിയും ഭാരതിശിവജിയുടെ മുതിർന്ന ശിഷ്യയായ ശ്രീമതി വിനയ നാരായണന്റെ കീഴിൽ വർഷങ്ങളായി മോഹിനിയാട്ടം അഭ്യസിക്കുന്നു. മുമ്പ് സംസ്ഥാനസ്‌കൂൾ യുവജനോത്സവേദികളിലും സർവകലാശാല കലോത്സവവേദികളിലും നിറസാന്നിദ്ധ്യമായിരുന്ന സൗമ്യയും രാജലക്ഷ്മിയും ബാംഗ്ലൂരിൽ പ്രൊഫഷന്റെ തിരക്കുകൾക്ക് ഇടയിലും നൃത്തത്തിനായി സ്വയം സമർപ്പിക്കുന്നവരാണ്.
സോപാനശൈലിയിലുള്ള മോഹിനിയാട്ടത്തിന്റെ പ്രചാരണാർത്ഥം നിരവധി പരിപാടികൾ കേരളത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ശ്രീമതി വിനയയുടെ സമർപ്പണ മോഹിനിയാട്ടം കളരിയുടെ ഭാഗമാണ് ഇരുവരും. ലാസ്യഭാവം ഒട്ടും ചോർന്നു പോകാതെയുള്ള സ്വാതിതിരുനാൾ കൃതിയുടെ പകർന്നാട്ടം അനന്തപുരിയിലെ സദസ്സിനു നവ്യാനുഭവം ആയിരുന്നു.
STORY HIGHLIGHTS: Mohiniyattam performed by Soumyashankar and Rajalakshmi at the Ananthapuri Dance Festival