സൗദി അറേബ്യയിലെ നിയോം സ്റ്റേഡിയത്തിന്റെ നിർമാണത്തിനായുള്ള ടെണ്ടർ ഈ വർഷം വിളിച്ചേക്കും. 45,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം 2034 ഫിഫ ലോകകപ്പിലെ പ്രധാന വേദിയാണ്. 350 മീറ്റർ ഉയരത്തിലാണ് സ്റ്റേഡിയം സ്ഥാപിക്കുക. സൗദിയുടെ സ്വപ്ന പദ്ധതിയായി നിയോമിലെ ദി ലൈനിലാണ് 2034 ഫിഫ ലോകകപ്പിന്റെ സ്റ്റേഡിയം ഒരുക്കുന്നത്. 200 മീറ്റർ മാത്രം വീതിയിൽ 170. കിമീ ദൈർഘ്യത്തിൽ നിർമിക്കാൻ പദ്ധതിയിടുന്നതാണ് ദി ലൈൻ. ഇതിനകത്ത് ലോകകപ്പിനായി സൗദി ഒരുക്കുന്ന സ്റ്റേഡിയങ്ങളിൽ ഏറ്റവും ആകർഷകമായിരിക്കും നിയോം സ്റ്റേഡിയം. നിയോം പദ്ധതിയിലെ ദി ലൈനിനകത്താണ് രണ്ട് ഫാൻ സോണുകളും ഒരുക്കുന്നത്.
നിർമിക്കാനൊരുങ്ങുന്ന സ്റ്റേഡിയത്തിന്റെ പ്രാഥമിക വിവരങ്ങൾ ഇങ്ങിനെയാണ്. തറയിൽ നിന്നും 350 മീറ്റർ ഉയരത്തിലായിരിക്കും സ്റ്റേഡിയം. 46,000+ ഇരിപ്പിടം. റൗണ്ട് 16, റൗണ്ട് 32 മത്സരങ്ങളും ക്വാർട്ടർ മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും. ഹൈസ്പീഡ് എലവേറ്ററുകളും ഡ്രൈവറില്ലാ കാറുകളുമാണ് കാണികളെ സ്റ്റേഡിയത്തിലെത്തിക്കുക. ലോകത്തെ അത്യാധുനിക ടെക്‌നോളജി ഇവിടെ അനുഭവിക്കാനാകും. പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയം പൂർണമായും ശീതികരിച്ചതാകും.
ചിതറിയ ചില്ലുപോലെ തോന്നിപ്പിക്കുന്ന മേൽക്കൂര തേനീച്ചക്കൂട് പോലെയാകും. ഇതിൽ ഗ്യാലറിയിലെ കാണികളെയും മത്സരങ്ങളേയും പ്രതിഫലിപ്പിക്കും. ഫുട്‌ബോളിന് പുറമെ വിവിധ കായിക ഇനങ്ങൾക്കും ഉപയോഗിക്കാനാകും വിധമാകും സ്റ്റേഡിയങ്ങൾ നിർമിക്കുക. 2027ൽ നിർമാണം തുടങ്ങുന്ന സ്റ്റേഡിയം 2032ലാണ് നിർമാണം പൂർത്തിയാക്കുക. ഇതിന്റെ ടെണ്ടർ ഈ വർഷം തന്നെ വിളിക്കുമെന്നാണ് കായിക മാധ്യമങ്ങളുടെ റിപ്പോർട്ട്.