Travel

ആമ്പല്‍പ്പാടത്തിന്റെ നടുവിലൂടെ ഒരു തോണിയാത്ര; നേരെ വിട്ടോളൂ മലരിക്കലിലേക്ക്-Water Lilly Cultivation Malarikkal

കൊയ്ത്ത് കഴിഞ്ഞ പാടത്ത്, അടുത്ത ഞാറ് നട്ട് കൃഷിയിറക്കും മുന്നേ പാടത്ത് വെള്ളം കയറ്റുന്ന സമയത്താണ് ആമ്പല്‍ വസന്തമെത്തുന്നത്

ഗ്രാമീണ ജല ടൂറിസത്തിന്റെ ആകര്‍ഷണ മുഖവുമായി മലരിക്കല്‍. കോട്ടയത്തെ മലരിക്കല്‍ ഇപ്പോള്‍ പ്രസിദ്ധമായിരിക്കുന്നത് ആമ്പല്‍ പൂക്കളുടെ പേരിലാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്ത്, അടുത്ത ഞാറ് നട്ട് കൃഷിയിറക്കും മുന്നേ പാടത്ത് വെള്ളം കയറുന്ന സമയത്താണ് ആമ്പല്‍ വസന്തമെത്തുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുഴുവനും ഇവിടെ ഈ കാഴ്ചകള്‍ കാണാം. കൃഷിക്കായി പാടത്ത് വെള്ളം വറ്റിക്കുന്ന സമയത്ത് നിലത്ത് ചെളിയിലാണ്ടുകിടക്കുന്ന വിത്ത് പിന്നീട് മുളച്ചാണ് ആമ്പല്‍ വളരുന്നത്. പിന്നീട് അടുത്തത് വിതയ്ക്കായി പാടത്തിലെ വെള്ളം വറ്റിക്കുന്ന സമയംവരെ ആമ്പല്‍ ചെടികള്‍ ഇവിടെ കാണാം. വെള്ളം വറ്റിക്കുന്നതോടെ ചെടികളും നശിക്കും. പിന്നെ കാണണമെങ്കില്‍ അടുത്ത കൊല്ലം വെള്ളം കയറുന്ന വരെ കാത്തിരിക്കണം.

Malarikkal

ആമ്പല്‍ വസന്തം ആസ്വദിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത്തവണയും ആളുകള്‍ എത്തിത്തുടങ്ങി. പുലര്‍ച്ചെയാണ് പൂക്കള്‍ കൂടുതല്‍ മിഴിവേകുന്നത്. സൂര്യനുദിച്ചു കഴിഞ്ഞാല്‍ ചൂടില്‍ പൂക്കള്‍ വാടാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ സൂര്യോദയം ഇവിടെയെത്തി കാണുന്ന വിധത്തില്‍ യാത്ര ക്രമീകരിക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല അനുഭവം. എല്ലാ വര്‍ഷവും ആമ്പല്‍ പുഷ്പിക്കുന്ന ഈ സീസണില്‍ ഈ കൊച്ചു ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ പാടമൊന്നാകെ ആമ്പല്‍പ്പൂക്കളാല്‍ നിറയും.

വേമ്പനാട്ടു കായലോരം ചേര്‍ന്നു കിടക്കുന്ന 650 ഏക്കറോളം വരുന്ന പാട ശേഖരത്തിലാണ് ആമ്പലുകള്‍ പുഷ്പിക്കുന്നത്. മലരിക്കലാണ് ഈ വസന്തത്തിന്റെ പ്രഭവ കേന്ദ്രം. കോട്ടയത്തു നിന്ന് ഏഴര കിലോമീറ്ററും കുമരകത്ത് നിന്ന് ഒന്‍പത് കിലോമീറ്ററുമാണ് മലരിക്കലിലേക്കുള്ള ദൂരം. കോട്ടയത്തു നിന്നാണ് വരുന്നതെങ്കില്‍ ഇല്ലിക്കല്‍ കവലയില്‍ എത്തുക. തിരുവാര്‍പ്പ് റോഡില്‍ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കുമരകത്തു നിന്നെത്തുന്നവര്‍ ഇല്ലിക്കലില്‍ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാര്‍പ്പ് റോഡിലൂടെ വേണം പോകാന്‍.

Malarikkal

വാരാന്ത്യങ്ങളില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ആമ്പലുകള്‍ നിറഞ്ഞ പാടത്തിന്റെ നടുവിലൂടെ കാഴ്ചക്കാര്‍ക്ക് തോണിയില്‍ സഞ്ചരിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. പ്രീ വെഡിങ് ഫോട്ടോഷൂട്ടിനും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടിനും മോഡലിംഗ് ഫോട്ടോഗ്രാഫിക്കും ഒക്കെയായി നിരവധി ആളുകളാണ് സീസണ്‍ ആയികഴിഞ്ഞാല്‍ ദിനംപ്രതി ഇവിടെയെത്തുന്നത്. മലരിക്കല്‍ കോട്ടയത്തെ ചെറിയൊരു ഗ്രാമം ആയതിനാല്‍ റീല്‍സുകളിലൂടെ കണ്ടും കേട്ടും അറിഞ്ഞാണ് പലരും ഇവിടേക്കെത്തുന്നത്.

STORY HIGHLIGHTS: Water Lilly Cultivation Malarikkal