നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും മാറി പ്രകൃതിയുടെ പ്രശാന്തതയില്‍ വിശ്രമിക്കാന്‍ കഴിയുന്നൊരിടമാണ് റോസ്മല. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍നിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര ചെയ്തു വേണം റോസ്മലയില്‍ എത്താന്‍. ഓഫ്റോഡ് സഞ്ചാരികള്‍ക്ക്, ഏറെ ഇഷ്ടപ്പെടുന്ന ഒരു യാത്രയായിരിക്കും ഇത്. കടുവ, ആന, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ ധാരാളമുള്ള പാതയിലൂടെയാണ് യാത്ര. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം തേയിലത്തോട്ടമായിരുന്നു. തുടര്‍ന്ന് പുനലൂര്‍ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി.
1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്ത ഈ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കു വിതരണം ചെയ്തു. കാടിനുള്ളിലെ ഒരു സ്ഥലത്തിന് റോസ്മല എന്ന് പേര് വന്നതെങ്ങനെ എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട് പ്രദേശവാസികള്‍ക്കിടയില്‍. പരപ്പാര്‍ ഡാമിമുള്ളിലെ ദ്വീപുകള്‍ റോസാപ്പൂവിന്റെ ഇതള്‍ കൊഴിഞ്ഞു കിടക്കുന്ന പോലെ കാണുന്നതിനാലാണ് റോസ്മലയെന്ന പേരു വന്നതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ ഇവിടെ പണ്ട് എസ്റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷുകാരനായ പ്ലാന്ററുടെ ഭാര്യയായ റോസ്ലിന്റെ പേരില്‍ നിന്നാണ് റോസ്മല എന്ന പേരുവന്നതെന്നും കഥയുണ്ട്.
സ്വന്തം വാഹനത്തിലല്ല യാത്രയെങ്കില്‍, രാവിലെയും വൈകിട്ടുമുള്ള കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസ് ഒഴിച്ചാല്‍ പിന്നെ റോസ്മലയിലേക്ക് പോകാന്‍ ജീപ്പിനെ ആശ്രയിക്കണം. റോസ്മല വ്യൂപോയിന്റ്റിന് ഒരു കിലോമീറ്റര്‍ മുന്നേ വരെ വാഹനങ്ങള്‍ പോകും. ഇവിടെ നിന്നും നടന്നു വേണം മുകളിലേക്ക് എത്താന്‍. ഇടക്ക് വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറും ഇക്കോ ഷോപ്പും ഉണ്ട്. വ്യൂപോയിന്റില്‍ നിന്നും നോക്കുമ്പോള്‍ പരപ്പാര്‍ ഡാമിനുള്ളില്‍ റോസാപ്പൂക്കള്‍ ഇതള്‍ കൊഴിഞ്ഞു വീണപോലെ കാണുന്ന ചെറിയ പച്ചതുരുത്തുകള്‍ കാണാം.
പഴയ ഒരു റേഡിയോ സ്റ്റേഷനും ഇവിടെയുണ്ട്. സ്റ്റേഷന്റെ ടവറിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ഗണപതിക്കുന്ന് വ്യൂ പോയിന്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവിടെ നിന്നാല്‍ തെന്മല ഡാം റിസര്‍വോയറിന്റെ മാത്രമല്ല, പ്രകൃതിദത്തമായ തടാകത്തിന്റെ മനംമയക്കുന്ന കാഴ്ച്കള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. താഴെയുള്ള കോയിലിംഗ് വാലിയുടെ മനോഹരമായ കാഴ്ചകളും ഇവിടെ നിന്ന് കാണാം.
STORY HIGHLIGHTS: Rosemala, Kollam