ഷിരൂർ: കാണാതായ ലോറി ഡ്രൈവർ അർജുനുവേണ്ടിയുള്ള തെരച്ചിലിൽ നേവി കണ്ടെത്തിയ കയർ തന്റെ വാഹനത്തിലേതുതന്നെയെന്ന് ഉറപ്പിച്ച് ലോറിയുടെ ഉടമസ്ഥൻ മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയിൽ തടികൾ കെട്ടാൻ ഉപയോഗിച്ചിരുന്നതാണ് ഈ കയർ എന്നാണ് മനാഫ് പറയുന്നത്.
നേവി നടത്തിയ തെരച്ചിലിൽ ലോറിയുടെ ക്യാബിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ആകാൻ തീരെ സാദ്ധ്യതയില്ലെന്നും കണ്ടെത്തിയ ഭാഗങ്ങളെല്ലാം പഴക്കമുള്ളവയാണെന്നുമായിരുന്നു മനാഫ് പറഞ്ഞത്. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി പങ്കുവച്ചു.
അതേസമയം പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.
അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു.
ഇതിനിടെ ഇന്ന് പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തിരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരച്ചിലില്‍ ഇതുവരെ ശുഭ സൂചനങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.