20 അടിയോളം ഉയരമുള്ള ഉറച്ച ഒരു കരിങ്കൽതൂൺ ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു പുരാതന ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രത്തിൽ ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുന്നുണ്ട്. എവിടെയാണെന്നല്ലേ വീരഭദ്ര ക്ഷേത്രം എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ ഒരു പ്രസിദ്ധമായ ക്ഷേത്രത്തിലാണ് അതിമനോഹരവും അവിശ്വസനീയവുമായ ഈ ഒരു പ്രതിഭാസം കാണാൻ സാധിക്കുന്നത്. അറിയാം അത്ഭുതപ്രവർത്തിയെക്കുറിച്ച് കൂടുതൽ.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ ലേപക്ഷി ഗ്രാമത്തിലാണ് വീരഭദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. എന്നാൽ സാധാരണ ക്ഷേത്രങ്ങളിലെ പോലെ ശിവലിംഗമല്ല ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. പരമശിവന്റെ അങ്ങേയറ്റം ഉഗ്രവും തീവ്രവുമായ രൂപമാണ് ഇവിടെ പ്രതിഷ്ഠയായി ഉള്ളത്. അതായത് വീരഭദ്ര രൂപം. അതുകൊണ്ടാണ് വീരഭദ്ര ക്ഷേത്രം എന്നറിയപ്പെടുന്നത്. ശിവൻ തന്റെ പിതാവിനാൽ അപമാനിക്കപ്പെട്ടത് കൊണ്ട് ദക്ഷന്റെ മകൾ സതി ആകാഗ്നിയിൽ സ്വയം ദഹിപ്പിച്ചതിനു ശേഷം ശിവന്റെ ക്രോധവും കോപവും കൊണ്ടാണ് വീരഭദ്രൻ സൃഷ്ടിക്കപ്പെട്ടത് എന്നതാണ് ചരിത്രം. ഈ ക്ഷേത്രത്തിന്റെ തന്നെ ഭൂരിഭാഗവും കാണാൻ സാധിക്കുന്നത് ആമയുടെ ആകൃതിയിൽ വരുന്ന പാറകളിലാണ്. അതുകൊണ്ടുതന്നെ ഈ പാറകൾക്കും പ്രത്യേകമായ പേരുണ്ട്.. ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയാണ് ഏറ്റവും എടുത്തു പറയേണ്ടത്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ശൈലി ക്ഷേത്രത്തെ ഒരു പുരാതനകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. നന്ദി, ശിവൻ, വിഷ്ണു, ഗണേശൻ, ഭദ്രകാളി തുടങ്ങിയവരുടെ വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിൽ ഉടനീളം കാണാൻ സാധിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ചുമരുകളിലെയും മേൽക്കൂരകളിലെയും പെയിന്റിങ്ങുകളും പുരാതനകാലത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതാണ്. അതോടൊപ്പം തന്നെ ഈ പെയിന്റിങ്ങുകളിൽ ദേവന്മാരുടെയും ദേവതകളുടെയും സംഗീതജ്ഞരുടെയും നർത്തകരുടെയും ഒക്കെ ശില്പങ്ങൾ കാണാൻ സാധിക്കും.
ഇവയുടെ തന്നെ പ്രത്യേകത നോക്കുകയാണെങ്കിൽ പ്രസിദ്ധമായ ഹംപിയിൽ കാണപ്പെടുന്നതിന് സമാനമായ തരത്തിലുള്ള ശില്പങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ശിവന്റെ 14 അവതാരങ്ങളുടെ 24 അടി 14 അടി ഫ്രസ്കോയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഒരു തുറന്ന കല്യാണമണ്ഡപവും ഈ ക്ഷേത്രത്തിൽ കാണാൻ സാധിക്കും. ഇതിന്റെ പിന്നിലും നിരവധി കഥകളുണ്ട്. ശിവന്റെയും പാർവതിയുടെയും വിവാഹവും മറ്റു ദേവന്മാരുടെയും ദേവതകളുടെയും വിവാഹവുമൊക്കെ ഇവിടെ നടന്നതായി ആണ് ഇവർ വിശ്വസിക്കുന്നത്. ഈ കല്യാണമണ്ഡപം പണിതീരാതെ കിടക്കുന്നത് പരമശിവന്റെയും പാർവതിയുടെയും വിവാഹത്തിന് ഈ വേദി ഒരുക്കേണ്ടതായിരുന്നു എന്നും എന്നാൽ ഇത് തയ്യാറാകാത്തതിനാൽ അത് ഉപയോഗിച്ചില്ല എന്നും ആണ് ഇവിടെ നിലനിൽക്കുന്ന മറ്റൊരു കഥ. ക്ഷേത്രത്തിന്റെ പ്രധാനമായ സവിശേഷത ഇതൊന്നുമല്ല ക്ഷേത്രത്തിന്റെ പുറം ഭാഗത്തെ മേൽക്കൂരയെ താങ്ങിനിർത്തുന്ന 70 കൽത്തൂണുകൾ ഉള്ള ഒരു കൂറ്റൻ നൃത്തശാല കാണാൻ സാധിക്കും. ഇതിലെ തന്നെ ഒരു സ്തംഭം ക്ഷേത്രത്തിന്റെ തറയിൽ ഒട്ടും തൊടാതെയാണ് നിൽക്കുന്നത്. അതായത് തൂങ്ങിക്കിടക്കുന്ന ഒരു സ്തംഭമാണ് ഇത്. ക്ഷേത്രത്തിന്റെ തറയ്ക്കും തൂണിന്റെ അടിത്തറക്കും ഇടയിൽ നല്ല ഒരു വിടവ് കാണാൻ സാധിക്കും. ചെറിയ എന്തെങ്കിലും വസ്തുക്കൾ മറുവശത്തേക്ക് കടത്താൻ സാധിക്കുന്ന അത്രയും വലിയ വിടവാണ് അത്. ഗുരുത്വാകർഷണത്തെ ഒക്കെ തന്നെ വെല്ലുവിളിച്ചു കൊണ്ടാണ് ഈ സ്തംഭം ഇവിടെ ഉയർന്നു നിൽക്കുന്നത്. തറയിൽ നിന്നും ഈ സ്തംഭം പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതൊരു വലിയ അത്ഭുതമായി തന്നെയാണ് കരുതപ്പെടുന്നത്. കാരണം മേൽക്കൂരയിൽ നിന്നും താഴേക്ക് തൂങ്ങി കിടക്കുകയാണ് ഈ തൂൺ. ഭാരമില്ലാത്ത ഒരു വസ്തുവല്ല ഇങ്ങനെ തൂങ്ങിക്കിടക്കുന്നത്. 20 അടി ഉയരമുള്ള ഉറച്ച കരിങ്കൽ തൂണാണ് ഇങ്ങനെ തൂങ്ങിക്കിടക്കുന്നത്, അതുകൊണ്ടു തന്നെ ഇത് വലിയൊരു അത്ഭുതവും അമ്പരപ്പുമാണ് ആളുകളിൽ എല്ലാം തീർത്തിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ തൂണുകളും ക്ഷേത്രവും ഭൂകമ്പത്തെ ചെറുക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
തൂണുകളുടെ അസ്വഭാവികത ദൈവാനുഗ്രഹമാണെന്നും മാന്ത്രികമാണെന്നും ഒക്കെ പലരും അഭിപ്രായങ്ങൾ പറയുന്നുണ്ട്. നിരവധി സിദ്ധാന്തങ്ങൾ ഇതിനെക്കുറിച്ച് ഉയരുമ്പോഴും, എല്ലാവരും വിശ്വസിക്കുന്ന ഒരു കഥ എന്നത് ഇത് നിർമാതാക്കളുടെ വാസ്തുവിദ്യ വൈഭവമാണ് എന്നാണ്.ഇതിന്റെ ശില്പികൾ ആരാണെങ്കിലും അവർ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് എന്നത് ഉറപ്പാണ്. നിങ്ങൾക്ക് എന്താണ് തോന്നുന്നത് കമന്റ് ചെയ്യാൻ മറക്കണ്ട
Story Highlights ; Veera bhadhra Temple