അദ്ഭുതങ്ങള്‍ നിറഞ്ഞ ഒരുപാട്ട് ഇടങ്ങളുണ്ട് നമ്മുടെ ഭൂമിയിൽ. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാൻ മിക്ക സഞ്ചാരികൾക്കും പ്രിയമാണ്. എത്ര ദൂരം താണ്ടിയാലും ആ വിസ്മയ ലോകത്തിന്റെ കാഴ്ചകൾ തേടി എത്തുന്നവരുണ്ട്. അങ്ങനയൊരിടമാണ് ഉനകോട്ടി. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും പ്രശസ്തമാണിവിടം. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയിലാണ് ഉനകോടി. ഇവിടുത്തെ പ്രധാന ആകർഷണം വലിയ പാറകളില്‍ കൊത്തിയ ശിൽപങ്ങളാണ്. ഉനകോടി എന്നാൽ ബംഗാളി ഭാഷയിൽ 99,99,999; അതായത് ഒരു കോടി തികയാൻ ഒന്നിന്റെ കുറവ് എന്നർഥം. ഈ പൈതൃക കേന്ദ്രത്തിലെ ശിൽപങ്ങൾ ഉണ്ടായതിന്റെ ഐതിഹ്യത്തിൽ നിന്നാണ് ഈ പേര് രൂപപ്പെട്ടത്. ത്രിപുരയിലെ വനങ്ങളിൽ ഒതുങ്ങിക്കിടക്കുന്ന ഉനകോട്ടി അടിസ്ഥാനപരമായി ശിവന് സമർപ്പിച്ചിരിക്കുന്ന തീർത്ഥാടന കേന്ദ്രമാണ്.
ഇൗ സ്ഥലത്തിന് 8 നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അഗർത്തലയിൽ നിന്ന് 178 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൈതൃക സ്ഥലമായ ഇവിടെ ഭീമാകാരമായ കല്ലിൽ കൊത്തിയ ശിൽപങ്ങൾ കാണാം. ഈ കൂറ്റൻ ശിൽപങ്ങൾ ഗോത്രരൂപങ്ങളെയാണ് കാണിക്കുന്നത്. കംബോഡിയയിലെ അങ്കോർവാട്ട് ക്ഷേത്രത്തിലെ അക്ഷരവിന്യാസത്തിന്റെ ഏതാണ്ട് അതേ നിഗൂഢമായ മനോഹാരിത ഇവിടെയും കാണാം. ബംഗാളി ഭാഷയില്‍ എണ്ണത്തിൽ ഒരു കോടിയിൽ താഴെ എന്നർത്ഥം വരുന്ന വാക്കാണ് ഉനകോട്ടി. ഇവിടെ നിന്ന് നിരവധി ഹൈന്ദവ ദൈവങ്ങളുടെ ശിൽപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉനകോടീശ്വര കാലഭൈരവ് എന്നു വിളിക്കപ്പെടുന്ന ശിവന്റെ 30 അടി നീളമുള്ള കൊത്തുപണിയാണ് അതിൽ ഏറ്റവും വലുത്.
പ്രപഞ്ചത്തിലെ എല്ലാ പ്രഭാവങ്ങൾക്കും പിന്നിൽ എപ്പോഴും ഒരു കാരണം ഉള്ളതുപോലെ, ഉനകോട്ടിയുടെ ശിൽപങ്ങളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഒരിക്കൽ ശിവഭക്തനായ കാലു കുംഹാർ, മേരു പർവതത്തിലേക്ക് പോകുന്ന ശിവനേയും പാർവതിയേയും കാണുന്നു അവരോടൊപ്പം കാശിയിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തോട് ശിവൻ നേരം പുലരുന്നതിന് മുമ്പ് എല്ലാ പുണ്യ ദൈവങ്ങളുടെയും ഒരു കോടി രൂപങ്ങൾ നിർമിക്കാൻ കഴിയുമെങ്കിൽ മാത്രമേ അവർക്കൊപ്പം കൂട്ടാൻ സാധിക്കുകയുള്ളൂ എന്നു പറഞ്ഞു. കാലുവിന് ശില്‍പങ്ങള്‍ പൂർത്തീകരിക്കാനായില്ല. തൽഫലമായി, ശിവനും പാർവതിയും കാലുവിനെ ഉപേക്ഷിച്ച് മടങ്ങി എന്നാണ് ഐതിഹ്യ കഥകളിലൊന്ന്. ഉനകൊട്ടിയുടെ മറ്റൊരു കഥയിൽ പറയുന്നതിങ്ങനെയാണ്, ഇതേ യാത്രയിൽ ശിവനൊപ്പം ഉണ്ടായിരുന്ന ദേവന്മാർ എല്ലാം ഉറങ്ങി പോവുകയും പിറ്റേന്ന് രാവിലെ ശിവൻ മാത്രം ഉണർന്നതായും പറയപ്പെടുന്നു. ശിവൻ കാശിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവിടെ ഉണ്ടായിരുന്ന മറ്റെല്ലാ ദേവീദേവന്മാരെയും കല്ലായി മാറുമെന്ന് ശപിച്ചു. അങ്ങനെയാണ് ഇവിടെ ഇത്രയധികം ശില്പങ്ങൾ വന്നതെന്നും പറയപ്പെടുന്നു.
ഇവിടുത്തെ മധ്യഭാഗത്തുള്ള പാറയിലെ കൊത്തുപണികൾ ശിവന്റെതാണ്. കൂടാതെ വലിയ ഗണപതി രൂപങ്ങളും. 30 അടി ഉയരവും 10 അടി ഉയരവും ശിരോവസ്ത്രവുമുള്ള ഉനകോടീശ്വര കാലഭൈരവൻ ശിൽപം ശിവന്റെ പ്രതിമ എന്നാണ് അറിയപ്പെടുന്നത്. ദുർഗ്ഗാദേവിയുടെ രൂപങ്ങളും നന്ദി കാളയുടെ മൂന്ന് വലിയ ശിൽപങ്ങൾ ഭൂമിയിൽ പകുതി കുഴിച്ചിട്ടിരിക്കുന്നതുപോലുള്ള ഘടനയും ഇവിടെ കാണാനാകും. ഉനകോട്ടിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് കുമാർഘട്ട് റെയിൽവേ സ്റ്റേഷൻ. അഗർത്തലയിൽ നിന്നും ലുംഡിങ്ങിൽ നിന്ന് ട്രെയിന്‍ സർവീസ് ഉണ്ട്. പശ്ചിമ ബംഗാൾ, അസാം, നാഗാലൻഡ്, ന്യൂഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലേക്ക് ലുംഡിങ്ങിന് റെയിൽ മാർഗമുണ്ട്. റെയിൽവേയിൽ നിന്ന്, കാറിൽ സൈറ്റിലെത്താൻ 30 മുതൽ 40 മിനിറ്റ് വരെ എടുക്കും.
STORY HIGHLLIGHTS: visit-unakoti-tripura-heritage-site