ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോൺഗ്രസ്. ആം ആദ്മി പാർട്ടി അടക്കം ആരുമായും സഖ്യത്തിനില്ലെന്നും, ഹരിയാനയിൽ തങ്ങൾക്ക് ഒറ്റക്ക് ജയിക്കാൻ ശേഷിയുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു.
ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമായി എ.എ.പി-കോൺഗ്രസ് സഖ്യമുണ്ട്. എന്നാൽ സംസ്ഥാനതലത്തിൽ ആരുമായും ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും ഹൂഡ വ്യക്തമാക്കി. വിജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡമെന്നും ഹൂഡ പറഞ്ഞു.
ഹരിയാനയിലും ഡൽഹിയിലും എ.എ.പിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇൻഡ്യാ സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എ.എ.പിയും ഡൽഹിയിൽ ഒരുമിച്ച് മത്സരിച്ചപ്പോൾ പഞ്ചാബിൽ ഇരു പാർട്ടികളും ഒറ്റക്കാണ് മത്സരിച്ചത്.
മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.