തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് കൊലക്കേസില്‍ ആസൂത്രകനും മുഖ്യ പ്രതിയുമായ അന്‍വര്‍ ഹുസൈന് കീഴടങ്ങി. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് അന്‍വര്‍ കീഴടങ്ങിയത്. ഇയാളെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
പ്രധാന പ്രതി സജീറിന്റെ ബന്ധുവാണ് അന്‍വര്‍ ഹുസൈന്. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് വെളിപ്പെടുത്തി. കേസിൽ രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നീ 5 പേരേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ജോയി ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. അറസ്റ്റിലായ രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും ചേർന്ന് ഓട്ടോ അടിച്ചു തകർത്താണ് ജോയിയെ വെട്ടിയത്.
കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു ജോയ്. വട്ടപ്പാറ, പോത്തൻകോട് ഉൾപ്പെടയുള്ള സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംങ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.