പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി. മുമ്പ് മൂന്ന് തവണ വിധി പറയുന്നത് വീണ്ടും നീട്ടിയിരുന്നു. ആഗസ്റ്റ് 16ന് അപ്പീലിൽ വിധി പറയുമെന്നാണ് ഒടുവിൽ അറിയിച്ചത്. എന്നാൽ ഇതിന് മുമ്പ് തന്നെ ഇന്ത്യൻ ഒളിംപിക്സ് അധികൃതരെ അപ്പീൽ തള്ളിയ വിവരം അറിയിക്കുകയായിരുന്നു.ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കില്ലെന്ന് ഉറപ്പായി.
അപ്പീൽ തള്ളിയിരിക്കുന്നുവെന്ന് മാത്രമാണ് കോടതിയുടെ ഉത്തരവിൽ നിലവിൽ അറിയിച്ചിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാകും. എന്തുകൊണ്ടാണ് അപ്പീൽ തള്ളിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് രണ്ടാമത്തെ ഉത്തരവിൽ അറിയിക്കും. ഒരു താരത്തിന് വേണ്ടി നിയമം മാറ്റിയാൽ അത് ഭാവിയിൽ തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് കായിക കോടതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാരീസ് ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു.
പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍കക്ഷികള്‍.