Health

നിങ്ങളുടെ പാദങ്ങളില്‍ ഈ ലക്ഷണങ്ങളുണ്ടോ? പ്ലാന്റാര്‍ ഫേഷ്യയ്റ്റിസ് ആയിരിക്കാം..പരിഹരിക്കാം വീട്ടില്‍തന്നെ-Plantar fasciitis causes and symptoms

ദീര്‍ഘനേരം നില്‍ക്കുന്നവരിലും പടികള്‍ കയറിയിറങ്ങുന്നവരിലും അമിതവണ്ണമുള്ളവരിലുമാണ് ഈ വേദന കൂടുതല്‍ കാണുന്നത്

ഉപ്പൂറ്റിയുടെ അസ്ഥിയില്‍ നിന്നും കാല്‍വിരലുകളുടെ അസ്ഥിയിലേക്കു വ്യാപിച്ചു കിടക്കുന്ന പ്ലാന്റാര്‍ ഫേഷ്യ എന്ന കട്ടിയുള്ള പാടയ്ക്കു വരുന്ന നീര്‍വീക്കം ആണ് ഉപ്പൂറ്റി വേദനയ്ക്ക് പ്രധാന കാരണം. ദീര്‍ഘനേരം നില്‍ക്കുന്നവരിലും പടികള്‍ കയറിയിറങ്ങുന്നവരിലും അമിതവണ്ണമുള്ളവരിലുമാണ് ഈ വേദന കൂടുതല്‍ കാണുന്നത്.

40 നും 60 നും ഇടയില്‍ പ്രായമുള്ളവരിലാണ് പ്ലാന്റര്‍ ഫാസിയൈറ്റിസ് അഥവാ ഉപ്പൂറ്റി വേദന കൂടുതലായും ഉണ്ടാവുന്നത്. സ്ത്രീകളില്‍ ഉപ്പൂറ്റി വേദന കൂടുതലായി കാണപ്പെടുന്നു, പ്രത്യേകിച്ച് നാല്പത് വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകളില്‍.

ലക്ഷണങ്ങള്‍

  • പ്ലാന്റാര്‍ ഫാസിയൈറ്റിസ് സാധാരണയായി ഉപ്പൂറ്റിക്ക് സമീപം നിങ്ങളുടെ പാദത്തിന്റെ അടിയില്‍ കുത്തേറ്റത് പോലുള്ള വേദന ഉണ്ടാക്കുന്നു.
  • രാവിലെ ഉണര്‍ന്നതിന് ശേഷമുള്ള ആദ്യ ചുവടുകള്‍ വെക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നു.
  • ദീര്‍ഘനേരം നില്‍ക്കുകയോ അല്ലെങ്കില്‍ ഇരുന്നതിനുശേഷം നിങ്ങള്‍ എഴുന്നേല്‍ക്കുകയോ ചെയ്യുമ്പോഴും അസഹ്യമായ വേദന
  • വ്യായാമത്തിന് ശേഷമുണ്ടാകുന്ന അസഹനീയമായ വേദന.

ഉപ്പൂറ്റി വേദന എങ്ങനെ പരിഹരിക്കാം?

  • ഏറ്റവും പ്രധാനം വ്യായാമംതന്നെയാണ്. രാവിലെ എണീറ്റു നടന്നു തുടങ്ങുന്നതിനു മുന്‍പ് കട്ടിലില്‍ കാല്‍മുട്ട് നിവര്‍ത്തി ഇരിക്കുക. ഒരു തോര്‍ത്തോ ഷാളോ ഉപയോഗിച്ച് കാല്‍പാദം 10-15 സെക്കന്റ് സമയത്തേക്ക് മുകളിലേക്കു വലിച്ചു പിടിച്ചു നിര്‍ത്തണം. ഈ വ്യായാമം ഓരോ കാലിലും 10 തവണ ആവര്‍ത്തിക്കുക.
  • എണീറ്റ് നിന്നുകൊണ്ട്, ഉപ്പൂറ്റി മുകളിലേക്കുയര്‍ത്തി കുറച്ചു സമയം നില്‍ക്കുക, അതിനുശേഷം കാല്‍വിരലുകളില്‍ നില്‍ക്കാം. ഈ വ്യായാമവും പലതവണ തുടരുക.
  • ചൂടുവെള്ളത്തില്‍ 10 മിനിറ്റ് കാല്‍ മുക്കിവച്ച ശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തില്‍ കാല്‍ വയ്ക്കുക. ഇതും വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതും പല തവണ തുടരാം.
  • സ്ഥിരമായി നിന്നു ജോലി ചെയ്യുന്നവര്‍ക്ക്, ഷൂവിന് ഉള്ളിലായി സിലിക്കോണ്‍ കൊണ്ടുള്ള ഹീല്‍കപ്പ് ഉപയോഗിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്‍കും.
  • അമിതവണ്ണം കുറയ്ക്കുക.
  • തുടര്‍ച്ചയായി നില്‍ക്കുന്നവര്‍ ഒരു മണിക്കൂര്‍ കൂടുമ്പോള്‍ അഞ്ചു മിനിറ്റ് നേരം ഇരുന്നു വിശ്രമിക്കുക.
  • മൃദുവായ ചെരിപ്പുകള്‍ പ്രത്യേകിച്ച് മൈക്രോസെല്ലുലാര്‍ റബര്‍ ചെരിപ്പുകള്‍ ഉപ്പൂറ്റിവേദനയുള്ളവര്‍ക്ക് ഉത്തമമാണ്.

STORY HIGHLIGHTS: Plantar fasciitis causes and symptoms