ട്രെക്കിങ് ഇഷ്ടമല്ലാത്ത സഞ്ചാരികള്‍ കുറവായിരിക്കും. വളരെ എളുപ്പമുള്ളതു തുടങ്ങി, കുത്തനെയുള്ള പര്‍വതനിരകള്‍ വരെ ട്രെക്കിങ് നടത്താന്‍ പറ്റിയ ഒട്ടേറെ ഇടങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ വളരെയധികം സാഹസികരായ ആളുകള്‍ക്ക് മാത്രം കയറാനാവുന്ന ഒരു കോട്ടയാണ് മഹാരാഷ്ട്രയിലെ ഹരിഹര്‍ ഫോര്‍ട്ട്. ഇതിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ പാറ മുറിച്ചുണ്ടാക്കിയ കുത്തനെയുള്ള പടികള്‍ കയറി മുകളില്‍ എത്തണം. മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ത്രയംമ്പകേശ്വറിന് (ത്രിംബക്) അടുത്തായാണ് ഹരിഹര്‍ ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഹർഷഗഡ് എന്നും ഇതിനെ വിളിക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട. 80 ഡിഗ്രി ചെരിവിലുള്ള പാറ മുറിച്ച പടികള്‍ കയറി, വളരെ കഷ്ടപ്പെട്ട് വേണം കോട്ടയിലേക്ക് എത്താന്‍.
പതിമൂന്നാം നൂറ്റാണ്ടിൽ സേവുന (യാദവ) രാജവംശത്തിന്‍റെ ഭരണകാലത്താണ് കോട്ട നിര്‍മ്മിച്ചത്. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പലപല യുദ്ധങ്ങളും കൈമാറ്റങ്ങളും അതിജീവിച്ച കോട്ടയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്.കോട്ടയുടെ മൂന്ന് മുഖങ്ങളും രണ്ട് അരികുകളും പൂർണമായും ലംബമാണ്. ആകെ 117 പടികൾ ഉണ്ട് കയറാന്‍. ഒരു സമയം ഒരാൾക്ക് മാത്രമേ കയറാൻ കഴിയൂ. കോട്ടയുടെ മധ്യഭാഗത്ത് ഉയരമുള്ള ഒരു പീഠഭൂമിയുണ്ട്. പീഠഭൂമിയിൽ ഹനുമാന്റെയും ശിവന്റെയും ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിനു മുന്നിൽ ഒരു ചെറിയ കുളം ഉണ്ട്. ഈ കുളത്തിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കാം.
ഇവിടെ നിന്ന് മുന്നോട്ട് പോകുമ്പോൾ രണ്ട് മുറികളുള്ള ഒരു കൊട്ടാരം കാണാം, 10 മുതൽ 12 വരെ ആളുകൾക്ക് ഈ കൊട്ടാരത്തിൽ താമസിക്കാം.ഹർഷേവാടി, നിർഗുഡ്പാട എന്നീ രണ്ട് ഗ്രാമങ്ങളില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. ഹർഷേവാടിയിൽ നിന്നുള്ള കയറ്റം നിർഗുഡ്പാഡയിൽ നിന്നുള്ളതിനേക്കാൾ എളുപ്പമാണ്. നിർഗുഡ്പാഡയുടെ വടക്ക് ഭാഗത്തുള്ള ഹിൽ ലോക്കിൽ നിന്നാണ് സുരക്ഷിതമായ ട്രെക്കിങ് പാത ആരംഭിക്കുന്നത്. ഇവിടെ നിന്നും കോട്ട സ്ഥിതി ചെയ്യുന്ന കുന്നിന്‍റെ തുടക്കമെത്താൻ ഏകദേശം ഒരു മണിക്കൂർ എടുക്കും.അതിരാവിലെ ട്രെക്കിംഗ് ആരംഭിക്കുന്നതാണ് നല്ലത്. പരിചയമില്ലാത്ത സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ഒട്ടേറെ ടൂറിസ്റ്റ് കമ്പനികളും ഗൈഡുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഹരിഹർ കോട്ട സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം.
STORY HIGHLLIGHTS: harihar-fort-trek-trimbak-nasik-maharashtra