പഴയകാലത്തേക്ക് പോകാൻ സാധിച്ചാൽ എങ്ങനുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ…ഹിൽസ്റ്റേഷനുകളിലും മറ്റും പോകാൻ അതാണ് മത്തേരാൻ. ഏഷ്യയിലെതന്നെ വാഹനങ്ങളില്ലാത്ത ഏക ഹിൽ സ്റ്റേഷൻ! വെറുമൊരു ടൂറിസ്റ്റ് ഹിൽ സ്റ്റേഷൻ മാത്രമല്ല കച്ചവടങ്ങളും പച്ചക്കറി, ഇറച്ചി മാർക്കറ്റുകളും തുടങ്ങി ഒരു ടൗണിൽ എന്തൊക്കെയുണ്ടോ, അതെല്ലാം ഇവിടെയുണ്ട്.ടോയ് ട്രെയിനിനും വ്യൂ പോയിന്റുകൾക്കും അപ്പുറം അവിടെ ഒരു നാടുണ്ട്. ജീവിതങ്ങളുണ്ട്.കഥകളിൽ വായിച്ചു മറന്ന, പഴയ കാലത്തിലേക്കു തിരിച്ചുപോയ ഫീൽ.. ടോയ് ട്രെയിനിൽ വന്നിറങ്ങുന്ന ആളുകൾ, വഴിയോരങ്ങളിൽ നിറയെ കുതിരകളും ഉന്തുവണ്ടികളും.കൊളോണിയൽ രീതിയിലുള്ള കെട്ടിടങ്ങൾ.
ഓപ്പൺ ബാർബർ ഷോപ്പ്,തലയിൽ കെട്ടുകണക്കിനു ചുമടുമായി നടന്നു നീങ്ങുന്നവർ.. പലതരം കച്ചവടക്കാർ.. അവർക്കിടയിലൂടെ നടന്നുനീങ്ങുന്ന സഞ്ചാരികൾ.. ഇടയ്ക്കിടെ വന്നു പോകുന്ന ടോയ് ട്രെയിനിന്റെ ചൂളം വിളിയല്ലാതെ മറ്റൊരു ശബ്ദകോലാഹലങ്ങളുമില്ല. അന്തരീക്ഷ മലിനീകരണമില്ല. വായിച്ചറിഞ്ഞ വിവരങ്ങൾക്കപ്പുറം എന്തൊക്കെയോ അനുഭവങ്ങൾ തന്ന ഇടം. മുംബൈക്കടുത്തുള്ള ഹിൽ സ്റ്റേഷനാണ് മത്തേരാൻ. കടുത്ത ചൂടിൽനിന്നു രക്ഷനേടാൻ 1850 കളിൽ ബ്രിട്ടിഷുകാർ കണ്ടെത്തിയ സ്ഥലം. ഇന്നും സൈക്കിളിനുപോലും ഈ ഗ്രാമത്തിൽ പ്രവേശനമില്ല. ഇടയ്ക്കിടെയുള്ള തീവണ്ടിയുടെ ചൂളംവിളിയൊഴിച്ചാൽ മനുഷ്യരുടെയും പ്രകൃതിയുടെയും ശബ്ദമല്ലാതെ വേറൊന്നും ആലോസരപ്പെടുത്തില്ല. വാഹനങ്ങൾക്കു നിരോധനമുള്ള ഇന്ത്യയിലെ ഏക ഗ്രാമമാണ് മത്തേരാൻ. ആകെയുള്ളത് അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന അഗ്നിശമനസേനയുടെ വാഹനവും ആംബുലൻസുമാണ്.
മുംബൈയിൽനിന്നു 90 കിമീ ദൂരമുണ്ട്. പനവേൽ സ്റ്റേഷനിൽനിന്നു താനെ എത്തി അവിടെനിന്നു നേരാൽ ചെല്ലാം. ഇവിടെനിന്നാണു മത്തേരാനിലേക്ക് ട്രെയിൻ കയറുന്നത്. വെറും 21 കിലോമീറ്ററിൽ താഴെയേ ഈ നാരോ–ഗേജ് ടോയ് ട്രെയിൻ സഞ്ചരിക്കുന്നുള്ളൂ. നേരാൽ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അമൻ ലോഡ്ജ് സ്റ്റേഷനിൽനിന്നാണിപ്പോൾ സർവീസ് നടത്തുന്നത്. 1907 ൽ വ്യവസായിയായ അബ്ദുൽ ഹുസൈൻ ആദംജീ പീർബോയാണ് വനപ്രദേശങ്ങളിലൂടെയുള്ള ട്രെയിൻ സർവീസിനു തുടക്കമിട്ടത്. മണിക്കൂറിൽ 12 കിമീ വേഗത്തിലോടുന്ന ഈ ടോയ് ട്രെയിൻ യുനെസ്കോ വേൾഡ് ഹെറിറ്റേജിൽ ഇടം പിടിച്ചിട്ടുണ്ട്. ട്രെയിൻ വേണ്ടെങ്കിൽ കാഴ്ചകൾ കണ്ടുള്ള ട്രെക്കിങ് ആകാം.
മത്തേരാൻ ഗ്രാമത്തിലേക്കു പ്രവേശിക്കാൻ 50 രൂപ എൻട്രി ഫീസ് നൽകണം. ഒറ്റയ്ക്കു ചെന്നാൽ റൂം കിട്ടില്ല. അതിനു കാരണമുണ്ട്. 2,625 അടി ഉയരമുള്ള കുന്നായതിനാൽ, താഴേക്കു ചാടാൻ കാരണം നോക്കി നടക്കുന്നവരെ പേടിയാണെന്നതുതന്നെ കാര്യം. ഇങ്ങനെ ചാടി ജീവൻ കളയുന്നവർക്കായി റെസ്ക്യൂ ടീമും ഉണ്ട്. 500 രൂപ മുതൽ മുറികൾ ലഭിക്കും. നാലു ചുറ്റുമായി മുപ്പത്തിയെട്ടോളം വ്യൂ പോയിന്റുകളുണ്ട്. നടന്നു കാണാൻ ചുരുങ്ങിയത് 3 ദിവസം വേണം. കുതിരപ്പുറത്തും നാടുചുറ്റാനിറങ്ങാം. മണിക്കൂറിന് 500 രൂപയാണു ഫീസ്. ടാറിട്ട റോഡുകളില്ല. പകരം എല്ലാ ഇടങ്ങളിലേക്കും ചെന്നെത്തുന്ന ചുവന്ന കല്ലു പാകിയ വഴികൾ.. ഇടയ്ക്കിടെ പൂന്തോട്ടങ്ങൾ.. എല്ലാം നന്നായി സംരക്ഷിച്ചിട്ടുണ്ട്. പഴയ കൊളോണിയൽ ശൈലിയിലുള്ള ബംഗ്ലാവുകൾ ഇവിടത്തെ പ്രത്യേകതയാണ്. വൈകുന്നേരങ്ങളിൽ സജീവമാണു മാർക്കറ്റ്. രാത്രി 10.30 വരെ തുറന്നിരിക്കും. ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലമായിട്ടും ഒരു ടൗണിൽ കിട്ടുന്ന എല്ലാ സാധനങ്ങളും ഇവിടെയും ലഭ്യമാകും. ടൂറിസമാണ് പ്രധാന വരുമാനം. കുട്ടികൾക്കു പത്താം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യവുമുണ്ട്.
സിനിമകളിലെ പ്രേതങ്ങളുടെ കൊട്ടാരംപോലൊരു ബംഗ്ലാവ്. കാടുപിടിച്ചുകിടക്കുന്ന വഴികൾ. മത്തേരാനിലെ ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ ബംഗ്ലാവാണ് ബാർഹൗസ്. 19–ാം നൂറ്റാണ്ടിൽ ക്യാപ്റ്റൻ ബാർ പണികഴിപ്പിച്ചതാണിത്. 170 വർഷം പഴക്കമുള്ള കെട്ടിടത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. ഉപയോഗിക്കുന്ന ഫർണിച്ചർ ഉൾപ്പെടെ എല്ലാം പണ്ടത്തേതുതന്നെ. അവിടെ നെറ്റ്‌വർക്ക് ഇല്ല, ടിവി ഇല്ല, മറ്റ് ആധുനിക വിനോദോപാധികളൊന്നുമില്ല. നേരമില്ലാത്ത ജീവിതത്തിൽനിന്ന് ഓടിയൊളിക്കാൻ പറ്റിയ ഇടം. ഇതുപോലെ ഇരുപഞ്ചോളം ബംഗ്ലാവുകൾ സംരക്ഷിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇവിടത്തെ കെട്ടിടങ്ങൾ കൂടുതലും നിർമിച്ചതു പാഴ്സികളും ബോറകളുമാണത്രെ. പശ്ചിമഘട്ടത്തിന്റെ സഹ്യാദ്രി മലനിരയുടെ ഭാഗമാണ് പ്രകൃതിലോല പ്രദേശമായ മത്തേരാൻ കുന്ന്. മലകളുടെ നെറ്റിയിലെ കാട്എന്നാണ് മത്തേരാൻ എന്ന വാക്കിനർഥം. പ്രകൃതിഭംഗി ആസ്വദിക്കണമെങ്കിൽ മൺസൂൺ തുടങ്ങിയതിനുശേഷം വരണം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും. കോടമഞ്ഞു പൊതിഞ്ഞ പ്രകൃതി, ശുദ്ധമായ വായു, ശബ്ദകോലാഹലങ്ങളൊന്നുമില്ലാത്ത നാട്. പുതിയൊരു അനുഭവമാണ് മത്തേരാൻ നൽകിയത്.
STORY HIGHLLIGHTS : best-places-to-visit-in-matheran