തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ബാധിത മേഖലയുടെ സൂക്ഷ്മമായ ലിഡാർ സർവേ എൻഐടി സൂറത്കലുമായി ചേർന്നു നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയുടെ ഉപരിതലം, ഉപരിതലത്തിലെ വസ്തുക്കൾ എന്നിവയുടെ സൂക്ഷ്മവിവരങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള സർവേ വഴി ലഭിക്കും. മുൻപുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങൾ വന്നു, ഏതെല്ലാം പ്രദേശത്താണു വലിയ ആഘാതമുണ്ടായത് എന്നെല്ലാം അറിയാനാകും. ഈ വിവരങ്ങളും വിദഗ്ധസംഘം നൽകുന്ന റിപ്പോർട്ടും പരിഗണിച്ചാകും ഇവിടെ ഇനിയുള്ള ഭൂവിനിയോഗ രീതികൾ തീരുമാനിക്കുക. ലിഡാർ സർവേ വഴി മരങ്ങൾ, മരത്തിന്റെ ഉയരം, പാറകൾ തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാൻ സാധിക്കും. 50 സെന്റിമീറ്റർ വരെ വലുപ്പമുള്ള വസ്തുക്കൾ ഇതുവഴി കണ്ടെത്താനാകുമെന്നാണു വിദഗ്ധർ പറയുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടലിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണു കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ടു ശരീരഭാഗങ്ങളും ബന്ധുക്കൾക്കു കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും പ്രത്യേക മാർഗനിർദേശ പ്രകാരം സംസ്കരിച്ചു. മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഉൾപ്പെടെ 415 സാംപിളുകൾ ശേഖരിച്ചതിൽ 401 ഡിഎൻഎ പരിശോധന പൂർത്തിയായി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. വെള്ളിയാഴ്ച വരെ ചാലിയാറിൽ തിരച്ചിൽ നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിവേഗം രേഖകൾ നൽകാൻ ക്യാംപുകളിൽ സജ്ജമാക്കിയ പ്രത്യേക സംവിധാനത്തിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി. രേഖകൾ നഷ്ടപ്പെട്ടവർക്കു പുതിയ രേഖ നൽകുന്നതിനു ഫീസ് ഈടാക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്.