തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ ഈയാഴ്ച തന്നെ പുറത്തു വിട്ടേക്കും. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതിന്റെ വിധിപ്പകർപ്പ് സംസ്ഥാന സർക്കാരിന് ഇന്നലെ ലഭിച്ചു. തുടർന്നാണു സാംസ്കാരിക വകുപ്പ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാനുള്ള നടപടി ആരംഭിച്ചത്. റിപ്പോർട്ട് പുറത്തുവിടാൻ ജൂലൈ ആദ്യവാരമാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം വിലക്കുള്ളവ ഒഴിച്ചുള്ള ഒന്നും മറച്ചു വയ്ക്കരുതെന്നും വിവരം പുറത്തു വിടുമ്പോൾ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീമിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഈ നടപടിക്രമങ്ങൾ പാലിച്ച് റിപ്പോർട്ടിലെ 266 പേജുകൾ പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് ഒരുങ്ങിയപ്പോഴാണ് ഹൈക്കോടതിയുടെ സ്റ്റേ വന്നത്. സ്റ്റേ നീങ്ങിയ സാഹചര്യത്തിൽ, വിവരങ്ങൾ ആവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ച 5 പേർക്ക് വീണ്ടും നോട്ടിസ് നൽകിയ ശേഷമാകും സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസർ നടപടി സ്വീകരിക്കുക.