Automobile

റോക്സ് സിമ്പിളാണ്; ബട്ട്‌ പവർഫുള്ളും | Five door model of Thar

ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സ് പുറത്തിറങ്ങുന്നു

ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സ് പുറത്തിറങ്ങുന്നു. വില 12.99 ലക്ഷം രൂപ മുതൽ. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട് ആന്റ് സെന്റര്‍ ആംറെസ്റ്റ്, ലെതറേറ്റ് സീറ്റ് അപ്ഹോൾസറി, റിയര്‍ എസി വെന്റുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്‌സ് പിന്നിലല്ല. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് ഥാര്‍ റോക്‌സില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഥാര്‍ റോക്‌സിലുണ്ടാവും. പെട്രോൾ മോഡലിന് 12.99 ലക്ഷം രൂപ മുതലും ഡീസൽ മോഡലിന് 13.99 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. മറ്റു മോഡലുകളുടെ വില മഹീന്ദ്ര പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വിപണിയിലുള്ള ഥാറിനേക്കാള്‍ എന്തൊക്കെയാണ് 5 ഡോര്‍ ഥാറില്‍ വ്യത്യാസങ്ങളുണ്ടാവുകയെന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ആദ്യത്തെ ഉത്തരം പിന്നില്‍ രണ്ടു ഡോറുകള്‍ കൂടി ചേരുന്നതോടെ വാഹനം കൂടുതല്‍ ഫാലിമി ഫ്രണ്ട്‌ലിയാവുമെന്നതാണ്. കൂടുതല്‍ വലിയ വീല്‍ബേസാണ് മറ്റൊരു സവിശേഷത. സ്‌കോര്‍പിയോ എന്നിലെ ലാഡര്‍ ഫ്രെയിം ചേസിസിനോടാണ് പുതിയ ഥാറിന് സാമ്യത കൂടുതല്‍. സ്‌കോര്‍പിയോ എന്നിന്റെ സസ്‌പെന്‍ഷനും പുതിയ ഥാറിലേക്കെത്തുന്നതോടെ റോഡിലെ പ്രകടനം മെച്ചപ്പെടും.

2009 മുതല്‍ മഹീന്ദ്ര വിവിധ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന mHawk എന്‍ജിന്‍ തന്നെയാണ് ഥാര്‍ റോക്‌സിലും. സ്മൂത്തായ ഡ്രൈവിങിനൊപ്പം കാര്യക്ഷമതക്കും കരുത്തിനും പേരുകേട്ട എന്‍ജിനാണിത്. mHawk Gen2 ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സിൽ. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 150 എച്ച്പി മുതല്‍ 172 എച്ച്പി വരെ കരുത്തും 330എന്‍എം മുതല്‍ 380എന്‍എം വരെ പരമാവധി ടോര്‍ക്കും വിവിധ മോഡലുകള്‍ക്കായി പുറത്തെടുക്കും.

സ്‌കോര്‍പിയോ എന്‍, എക്‌സ് യു വി 700 എന്നിവയില്‍ ഉപയോഗിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു എന്‍ജിന്‍ ഓപ്ഷന്‍. എന്‍ട്രി ലെവല്‍ മോഡലില്‍ 160 എച്ച്പി കരുത്തും 330എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വകഭേദത്തില്‍ ഇതേ എന്‍ജിന്‍ 175എച്ച്പി കരുത്തും 380എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക.

Content highlight : Five door model of Thar