കഴിഞ്ഞ ആറുമാസത്തിനിടെ സൗദി അറേബ്യയിലേക്ക് വിദേശത്തുനിന്ന് 4,12,399 ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തെന്ന് റിപ്പോർട്ട്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറിനും കൈമാറ്റത്തിനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ‘മുസാനിദ്’ ഈ കാലയവളിൽ വലിയ മുന്നേറ്റമുണ്ടാക്കിയെന്നും സേവനങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ സംതൃപ്തി പരമാവധിയിലെത്തിക്കാനായെന്നും മാനവവിഭവ ശേഷി സാമൂഹികവികസന മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു.
ഗാംബിയ, ബുറുണ്ടി, സിയറലിയോൺ, ടാൻസാനിയ എന്നീ രാജ്യങ്ങൾകൂടി പുതുതായി ചേർക്കപ്പെട്ടതോടെ മുസാനിദ് പ്ലാറ്റ്ഫോം വഴി വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് നടക്കുന്ന രാജ്യങ്ങളുടെ എണ്ണം 33 ആയി ഉയർന്നു.
തൊഴിലുടമകൾക്കിടയിൽ ഗാർഹികതൊഴിലാളികളുടെ കൈമാറ്റം സാധ്യമാക്കുന്ന സേവനവും മുസാനിദിൽ ലഭ്യമാണ്. ഇത്തരത്തിൽ 61,358 തൊഴിലുടമകൾക്ക് തൊഴിലാളികളെ കൈമാറ്റം ചെയ്യാൻ സാധിച്ചു. മാത്രമല്ല റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാലതാമസം കുറച്ച് താരതമ്യേന എളുപ്പമാക്കാനുമായി. വീട്ടുജോലിക്ക് സന്നദ്ധതയുള്ള 5,83,691 പേരുടെ ജോലിയപേക്ഷകൾ ഈ കാലയളവിൽ മുസാനിദ് പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യപ്പെട്ടു. മുസാനിദ് നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് ഗുണഭോക്താക്കളുടെ സംതൃപ്തി 92 ശതമാനം ആയി ഉയർന്നു.