കൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ശക്തവും നീതിയുക്തവുമായ തുടർനടപടികൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓൾ ഇൻഡ്യ ഫെഡറേഷൻ ഓഫ് ഗവണ്മെൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ വെള്ളിയാഴ്ച ദേശീയ തലത്തിൽ കരിദിനമായി ആചരിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
കെ ജി എം ഓ എ യും ഈ പ്രതിഷേധ ദിനത്തിൽ പങ്കു ചേരുകയാണ്. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനുമായി കെ ജി എം ഒ എ ഓഗസ്റ്റ് 18 മുതൽ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും.
ഇതിനോടനുബന്ധിച്ച് നിർദ്ദിഷ്ട ചെക് ലിസ്റ്റുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഓഡിറ്റും നടത്തും. സുരക്ഷ സംബന്ധിച്ച പോരായ്മകൾ സ്ഥാപനങ്ങളുടെ തലത്തിലും സംഘടനാ തലത്തിലും സർക്കാർ തലത്തിലും പരിഹരിക്കേണ്ടവ കൃത്യമായി വേർതിരിച്ച് സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും.