സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ് ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ മാസം പതിനെട്ടിന് സൗദി സ്‌കൂളുകളും സെപ്തംബർ ഒന്നിന് ഇന്ത്യൻ സ്‌കൂളുകളും തുറക്കും
ഡ്രൈവർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ്, അംഗീകൃത പ്രഥമശുശ്രൂഷ കോഴ്സ് സർട്ടിഫിക്കറ്റ്, അതോറിറ്റിയുടെ മെഡിക്കൽ പരിശോധനയിൽ വിജയിച്ച സർട്ടിഫിക്കറ്റ് എന്നിവ നേടിയവർക്ക് മാത്രമായിരിക്കും സ്‌കൂൾ ബസ് ഡ്രൈവർമാരായി ജോലി ചെയ്യാൻ സാധിക്കുക. ഡ്രൈവർമാർക്ക് കുറഞ്ഞത് 25 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം.
വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന വാഹനങ്ങളിൽ സുരക്ഷാ ഉപകരണങ്ങളും, ട്രാക്കിംഗ് ഉപകരണങ്ങളും, ക്യാമറകളും നിർബന്ധമാണ്. മുഴുവൻ ഡ്രൈവർമാരും, സ്‌കൂളുകളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കടുപ്പിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.