വിദ്യാര്‍ത്ഥി പ്രക്ഷോഭവും അതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും ആടിയുലഞ്ഞ ബംഗ്ലാദേശില്‍ ന്യുനപക്ഷ സമുദായങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തുടരുന്നുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ ബംഗ്ലദേശിലെ ഠാക്കൂര്‍ഗാവ് സദര്‍ ജില്ലയിലെ ഫരാബറി മന്ദിര്‍പാറ ഗ്രാമത്തില്‍ ഹിന്ദു സമുദായത്തില്‍പെട്ട ഒരാളുടെ വീട് അക്രമികള്‍ തീവച്ചു നശിപ്പിച്ചു. അയല്‍വാസികള്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. അക്രമികള്‍ ഓടിമറഞ്ഞു. ഈ മാസം 5ന് ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കാന്‍ ആരംഭിച്ച പ്രക്ഷോഭത്തിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 278ാമത് ആക്രമമാണിതെന്ന് ബംഗ്ലദേശ് നാഷനല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് അറിയിച്ചു. പ്രക്ഷോഭം ആരംഭിച്ചശേഷം ഠാക്കൂര്‍ഗാവ് ജില്ലയില്‍ നിന്ന് ഒട്ടേറെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളും ആശങ്കയിലാണ്. ബംഗ്ലാദേശിലെ ആരാധനാലയങ്ങള്‍ക്കും മത, വംശീയ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള ഒന്നിലധികം ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ധാക്കയിലെ യൂറോപ്യന്‍ യൂണിയന്‍ മിഷന്‍ മേധാവികള്‍ ആശങ്ക പ്രകടിപ്പിച്ചു. സാമൂഹിക മാധ്യമമായ എക്സ്-ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ബംഗ്ലാദേശിലെ യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായം ഉന്നയിച്ചത്. ധാക്കയിലെ യുഎസ് എംബസിയും ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കും മതപരമായ സ്ഥലങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിയെ സ്ഥാനമൊഴിയുന്നതിലേക്ക് നയിച്ച കലാപത്തിന് ശേഷം, ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും ലക്ഷ്യമിടുന്നു, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പള്ളികള്‍ക്കും ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നു.
ഹിന്ദു ന്യൂനപക്ഷത്തേക്കാള്‍ ഒരു പരിധിവരെയെങ്കിലും ക്രിസ്ത്യാനികളും അക്രമത്തിന് ഇരയായിട്ടുണ്ട്, പക്ഷേ ഭാഗ്യവശാല്‍, മരണമോ ഗുരുതരമായ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല. ദേശീയ തലസ്ഥാനമായ ധാക്കയില്‍ ഒരു രൂപതയുടെ കെട്ടിടം കത്തിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് അസോസിയേഷനുകള്‍ സര്‍ക്കാരിന് എഴുതിയ തുറന്ന കത്തില്‍ പ്രതിഷേധം ആരംഭിച്ചതിന് ശേഷം 205 അക്രമസംഭവങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തി. എന്റെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. രാജ്യത്ത് സാമുദായിക സൗഹാര്‍ദം പുനഃസ്ഥാപിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും തുറന്ന കത്തില്‍ ഒപ്പിട്ട ബംഗ്ലാദേശ് ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ പ്രസിഡന്റുമാരില്‍ ഒരാള്‍ പറഞ്ഞു.
അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കുമെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകന്‍ മുഹമ്മദ് യൂനുസ് ഉറപ്പു നല്‍കിയിരുന്ന ചൊവ്വാഴ്ചയും ആക്രമണം നടന്നത് ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഇതേസമയം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മന്ത്രിസഭയിലെ 4 അംഗങ്ങള്‍ക്കും എതിരെ സുപ്രീം കോടതി അഭിഭാഷകന്‍ സോഹല്‍ റാണ നല്‍കിയ പരാതിയില്‍ കേസെടുത്തു. 2015 ഫെബ്രുവരിയില്‍ തന്നെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്നാണ് സോഹലിന്റെ പരാതി. ഹസീനയ്‌ക്കെതിരെ ഈയിടെ റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസാണിത്. സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ 230 പേര്‍ കൊല്ലപ്പെട്ടതിനുള്ള കൊലപാതകക്കേസാണ് ആദ്യത്തേത്. ജനകീയ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവമായി ബന്ധപ്പെട്ടവരെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്ത് ശിക്ഷിക്കുമെന്ന് ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു. യുഎന്‍ നിരീക്ഷണത്തിലാവും അന്വേഷണം. ഇതിനിടെ, ബംഗ്ലദേശ് വിമോചനനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ വധിക്കപ്പെട്ട ഓഗസ്റ്റ് 15ന് നല്‍കിവന്നിരുന്ന ദേശീയ അവധി റദ്ദാക്കാന്‍ ഇടക്കാല സര്‍ക്കാര്‍ തിരുമാനിച്ചു. ഹസീനയുടെ അവാമി ലീഗ് ഒഴികെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയശേഷമായിരുന്നു തീരുമാനം. ബംഗ്ലദേശിലെ സാഹചര്യങ്ങള്‍ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷവിഭാഗങ്ങളുടെയും സുരക്ഷയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചെങ്കോട്ടയില്‍ വച്ചുനടത്തിയ 78ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അയല്‍രാജ്യമെന്ന നിലയില്‍ ബംഗ്ലദേശില്‍ നടക്കുന്ന സംഭവങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. മുന്നോട്ടുള്ള വികസനപാതയില്‍ ബംഗ്ലദേശിന് എല്ലാവിധ ആശംസകളുമെന്ന് മോദി പറഞ്ഞു.
Content Highlights; The attacks on various minority communities in Bangladesh