Movie Reviews

ചിരിക്കാം, ആസ്വദിക്കാം; ‘നുണക്കുഴി’ കണ്ടിരിക്കാവുന്ന മികച്ചൊരു ഫാമിലി എന്റര്‍ട്രെയിനര്‍- Nunakuzhi Movie

വാവ എന്ന ഓമനപേരുള്ള ബേസിലിന്റെ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ ആരംഭം

നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു പക്കാ ഫാമിലി എന്റര്‍ട്രെയിനര്‍ അതാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയെന്ന് ചിത്രം. ത്രില്ലര്‍ സിനിമകളില്‍ നിന്നും ഒരു താത്ക്കാലിക ഇടവേളയെടുത്ത് കോമഡി പരീക്ഷിക്കാനുള്ള ജിത്തുവിന്റെ തീരുമാനം തെറ്റിയില്ല, ശരിക്കും കാണികളെ ഒരു പോലെ ചിരിപ്പിച്ച വ്യത്യസ്ത ചിത്രമായി നുണക്കുഴി മാറി. മൈ ബോസ് എന്ന ദിലീപ് ചിത്രത്തിലൂടെ കോമഡി തനിക്ക് സംവിധാനം ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ച ജിത്തു ജോസഫിന് നുണക്കുഴി അത്ര വെല്ലുവിളി ഉണ്ടാക്കിയിട്ടുണ്ടാവില്ല. ജീവിത സാഹചര്യങ്ങളില്‍ നമ്മളെല്ലാവരും പലതരം നുണകള്‍ പറയാറുണ്ട്. ഇത്തരം നുണകള്‍ എങ്ങനെ കഥാപാത്രങ്ങളിലൂടെ പറഞ്ഞ് അവര്‍ ഒരോരുത്തരെയും കൃത്യമായി പല സന്ദര്‍ഭങ്ങളില്‍ കോര്‍ത്തിണക്കി ഒരുമിപ്പിച്ചുകൊണ്ടു പോകുന്ന ഒരു മനോഹര കഥയാണ് നുണക്കുഴിയിലൂടെ സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. നുണക്കുഴി എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന ചിത്രം, കുറെ നുണയന്മാരെ കുഴിയില്‍ കൊണ്ടുചെന്ന് ചാടിക്കുന്നു. ജീത്തു ജോസഫ് ചിത്രങ്ങളില്‍ കാണുന്നപോലെ ക്ലൈമാക്‌സില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നല്‍കിയാണ് ഈ സിനിമ അവസാനിക്കുന്നതും.

ഒരു ഹ്യൂമറസ് ഫാമിലി ചിത്രമെന്നു ഇതിനെ പറയാം. ക്രൈം ത്രില്ലെര്‍ സംവിധായകന്‍ എന്ന പരിവേഷത്തില്‍ നിന്നും വ്യത്യസ്തമായാണ് ജീത്തു നുണക്കുഴി ചെയ്തിരിക്കുന്നത്. കഥ നായകന്‍ ബേസില്‍ ജോസഫ് ‘റിച്ചാണ്’. വാവ എന്ന ഓമനപേരുള്ള ബേസിലിന്റെ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ ആരംഭം. അജു വര്‍ഗീസ്, നിഖില വിമല്‍, ഗ്രേസ് ആന്റണി, സിദ്ധിഖ്, മനോജ് കെ ജയന്‍, ബൈജു, സൈജു കുറുപ്പ്, സ്വാസിക എല്ലാവരും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ഇവരെല്ലാം വ്യത്യസ്ത കഥാപാത്രങ്ങള്‍ ആണെങ്കിലും ബേസിലിന്റെ ഒറ്റ കഥാപാത്രത്തിലേക്കാണ് മറ്റുള്ളവര്‍ എത്തിച്ചേരുന്നത്. അതിനൊക്കെ പല പല കഥാ സന്ദര്‍ഭമുണ്ട്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മാന്ത്രിക സ്പര്‍ശം കൂടിയായപ്പോള്‍ എല്ലാ കഥാപാത്രങ്ങളും പരസ്പരം കൃത്യമായി കണക്ട് ആയി. തിയേറ്ററില്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ഇരുത്തി കാണാന്‍ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഇഴച്ചിലും ഇല്ലാതെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ജീത്തു. ഓരോന്നും പരസ്പരം ബന്ധപ്പെടുന്നതാകട്ടെ നുണ വച്ചാണ്. എന്നാല്‍ ഈ നുണകളെല്ലാം പൊളിയികയും ചെയ്യും. പ്രധാനമായും മൂന്നുപേര്‍ പറയുന്ന പല പല നുണകളാണ് ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനൊക്കെ കയ്യടി കൊടുക്കേണ്ട മറ്റൊരു പ്രധാന ആളാണ് കഥ എഴുതിയ കൃഷ്ണകുമാര്‍. ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ.ആര്‍ കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ തിരക്കഥ. ക്രൈം സിനിമ സംവിധായകനും ക്രൈം തിരക്കഥാകൃത്തുകൂടി ചെറുമ്പോള്‍ പ്രേക്ഷകര്‍ കരുതുക ഒരു മാസ് ത്രില്ലെര്‍ ക്രൈം സ്റ്റോറി ആയിരിക്കുമെന്നാണ്. എന്നാല്‍ നുണക്കുഴി ആ പ്രതീകഷകളൊക്കെ തെറ്റിച്ചുകൊണ്ട് ഒരു ഹ്യൂമര്‍ ഫാമിലി ത്രില്ലെര്‍ ശ്രേണിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന് ശേഷം ബേസിലും നിഖില വിമലും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.

അച്ഛന്റെ വിയോഗത്തിന് പിന്നാലെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധികാരത്തിലേയ്ക്ക് എത്തിപ്പെടുകയാണ് എബി എന്ന ചെറുപ്പക്കാരന്‍. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത ഇയാള്‍ തന്റെ പുതിയ പദവിയും ഇഷ്ടപ്പെടുന്നില്ല. ഭാര്യയോടൊത്ത് സമയം ചെലവഴിക്കുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന എബിയുടെ ജീവിതം ഒറ്റ ദിവസംകൊണ്ട് മാറിമറിയുകയാണ്. പിന്നെയങ്ങോട്ട് ഓട്ടപ്പാച്ചിലാണ്, ഒപ്പം ഒരുകൂട്ടം കഥാപാത്രങ്ങളും കൂട്ടിന് ചേരുന്നുണ്ട്. ബേസില്‍ ജോസഫാണ് എബിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥപുരോഗമിക്കുന്നത്. സിനിമ നടനും, സിനിമ മോഹിയായ യുവാവും, പോലീസും ഒക്കെ എബിയുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാത്ത അതിഥികളായി എത്തുകയാണ്. ഇവരെല്ലാം തമ്മില്‍ പരസ്പരമറിയാത്ത പല ബന്ധങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയുമൊക്കെ ചുറ്റുപിണഞ്ഞുകിടക്കുകയാണ്. ഈ ചുരുളുകള്‍ അഴിക്കാനും സ്വയം രക്ഷപ്പെടാനുമൊക്കെ കഥാപാത്രങ്ങള്‍ നടത്തുന്ന നെട്ടോട്ടങ്ങള്‍ അടങ്ങിയ ചിരിമുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ആദ്യാവസാനം ചിരിയുടെ പശ്ചാത്തലത്തിലൂടെ കഥ പുരോഗമിക്കുമ്പോഴും ഇടയ്‌ക്കൊന്ന് ത്രില്ലടിപ്പിക്കാനും ജീത്തു ജോസഫ് എന്ന സംവിധായകന്‍ മറന്നില്ല. ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാമിന്റേതാണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സരിഗമയാണ് നിര്‍മാണം.

Content Highlights;  Nunakkuzhi is a Clean family entertainer movie