വയനാട്: ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ലെന്ന് പരിശോധന നടത്തിയ വിദഗ്ധ സംഘം. ചൂരൽമല ഭാഗത്തെ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യമാണ്. വലിയ പാറക്കല്ലുകൾ പുഴയിലേക്കെത്തിയത് പ്രഭവകേന്ദ്രത്തിൽ നിന്ന് തന്നെയെന്ന് വിദഗ്ധ സംഘം. ഉരുൾപൊട്ടൽ എങ്ങനെയുണ്ടായി എന്നതടക്കമുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഭൗമശാസ്ത്രഞ്ജൻ ജോൺ മത്തായി പറഞ്ഞു.
ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിർമാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാ കാൻ കാരണം അണക്കെട്ട് പ്രതിഭാസം മൂലമാണെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. കനത്ത മഴയാണ് ഉരുൾപൊട്ടൽ മേഖലയിൽ പെയ്തതത്.
രണ്ട് ദിവസം കൊണ്ട് പ്രദേശത്ത് 570 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് അസാധാരണ സംഭവമാണ്. വനപ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ മരങ്ങൾ ഉൾപ്പെടെ താഴേക്ക് പതിച്ചിട്ടുണ്ട്.
ഇത് പുഴയുടെ വീതി കുറഞ്ഞ സീതമ്മക്കൂണ്ട് എന്ന സ്ഥലത്ത് അടിഞ്ഞ് ഒരു താത്കാലിക ഡാം രൂപപ്പെട്ടു. ഈ സംഭരണി പിന്നീട് പൊട്ടി. ഈ ശക്തിയിലാണ് വീടുകൾ അടക്കം ഒലിച്ചുപോയതെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി.
ഒരു സ്ഥലത്ത് ഉരുൾ പൊട്ടിയാൽ വീണ്ടും ഉടൻ ഉരുൾ പൊട്ടാൻ സാധ്യതയില്ല. ഇതിന് കുറച്ച് കാലമെടുക്കും. എന്നാലും ഈ പ്രദേശത്ത് നിലനിൽക്കുന്ന വീടുകളിൽ ദീർഘ നാളത്തേക്ക് ജനവാസം സാധ്യമല്ലെന്ന് സംഘം വ്യക്തമാക്കി.
ഇതിന് മുമ്പ് മൂന്നുതവണ സമാനമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. എട്ടു കിലോമീറ്റർദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താത്കാലിക ഡാം പോലുണ്ടായി. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും ജോൺമത്തായി പറഞ്ഞു.
വിദഗ്ധസംഘം 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും. പഠനറിപ്പോർട്ട് സർക്കാരിന് കൈമാറിയതിനു ശേഷം താൻ വീണ്ടും പ്രദേശത്ത് വീണ്ടും പഠനം നടത്തുമെന്നും ജോൺ മത്തായി പറഞ്ഞു.