സഞ്ചാര പ്രേമികളെ ഏറെ കൊതിപ്പിക്കുന്ന കാഴ്ചകളൊരുക്കിയ ഇടം, വിസ്മയിപ്പിക്കുന്ന ഒരു പിടി കാഴ്ചകൾ കാണാം കൽസുബായ് കൊടുമുടിക്കു മുകളിലെത്തിയാൽ. അതിസുന്ദരമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന, ഒരു യാത്രാപ്രേമി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതെന്നു ഉറപ്പിച്ചു പറയാവുന്നത്രയും മനോഹര ദൃശ്യങ്ങളുമായാണ് കൽസുബായ് അതിഥികളെ വരവേൽക്കുന്നത്. മഹാരാഷ്ട്രയിലാണ് പ്രശസ്തമായ കൽസുബായ് കൊടുമുടി. സംസ്ഥാനത്തിലെ ഏറ്റവും ഉയരം കൂടിയ ഇടമെന്ന ഖ്യാതി ഈ ഗിരിശൃംഗങ്ങൾക്കുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5400 അടി ഉയരത്തിലാണിത്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആവേശത്തിലാഴ്ത്തും മുകളിലേക്കുള്ള പാതയും അവിടെ നിന്നുമുള്ള കാഴ്ചകളും. ഹരിചന്ദ്രഗഡ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് കൽസുബായ് മലനിരകൾ.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരി അതുപോലെ തന്നെ അഹമ്മദ്‌നഗർ ജില്ലയിലെ അകോല ഈ രണ്ടു സ്ഥലങ്ങൾക്കും അതിരിടുന്നത് ഈ മലനിരകളാണ്. ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഭണ്ഡാർധര വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നതും കൽസുബായ് മലനിരകൾക്കു സമീപമായി തന്നെയാണ്. ട്രെക്കിങ് ഇഷ്ടപ്പെടുന്ന സാഹസികരെ കൊടുമുടിയ്ക്കു മുകളിലേക്കുള്ള യാത്ര ഹരം പിടിപ്പിക്കും. വലിയ ആയാസമില്ലാതെ തന്നെ കയറി പോകാൻ കഴിയും. എങ്കിലും ദുർഘട പാതകളിലൂടെ കടന്നു പോകുമ്പോൾ പിടിച്ചു കയറുന്നതിനു കൈവരികളും ചങ്ങലകളും ഗോവണികളുമൊക്കെ ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുണ്ട്. ട്രെക്കിങ് ആരംഭിക്കുന്നത് ബാരി എന്ന ഗ്രാമത്തിൽ നിന്നാണ്.
താഴെ നിന്നും മുകളിലേക്കു എത്തുന്നതിനു ഏകദേശം മൂന്നര മുതൽ നാല് മണിക്കൂർ വരെ സമയമെടുക്കും. താണ്ടാനുള്ള ദൂരം 6.6 കിലോമീറ്ററാണ്. ചെറുവെള്ളച്ചാട്ടങ്ങളും നീരുറവകളും വഴിനീളെ കാണുവാൻ കഴിയും. മാത്രമല്ല, മനോഹരമായ ഭൂഭാഗങ്ങളാണ് വഴിയിലുടനീളം. അതിരാവിലെ ട്രെക്കിങ് ആരംഭിക്കുന്നതാണ് ഉചിതം. പല ട്രെക്കിങ് സംഘങ്ങളും വെളുപ്പിന് രണ്ടു മണിക്കാണ് യാത്ര ആരംഭിക്കുന്നത്. അതിരാവിലെ മുകളിലെത്തുമ്പോൾ സൂര്യോദയവും പുലർവേളയിലെ ചെറുവെയിലും കാറ്റും തണുപ്പുമൊക്കെയുള്ള പ്രകൃതിയെ അടുത്തറിയുന്നത് സമ്മാനിക്കുന്ന ഉണർവ് ചെറുതൊന്നുമായിരിക്കുകയില്ല. മുകളിൽ നിന്നുള്ള കാഴ്ച്ചയിൽ തെളിഞ്ഞു വരുക അലാങ്, മദൻഗഡ്, കുലാങ്, രത്തൻഗഡ്, ഹരിശ്ചന്ദ്രഗഡ് എന്നീ ഗിരിനിരകളാണ്. കൽസുബായ് ക്ഷേത്രത്തിൽ ദർശനം കൂടി നടത്തിയാൽ മാത്രമേ ട്രെക്കിങ് പൂർത്തിയാകുകയുള്ളൂ.
കൽസുബായ് ക്ഷേത്രത്തെ പറ്റി ഒരു ഐതീഹ്യമുണ്ട്, അതിപ്രകാരമാണ്. കൽസുബായ്, രത്‌നാബായ്, കത്രിബായ് എന്നിങ്ങനെ മൂന്ന് പെൺകുട്ടികൾ ആ ഗ്രാമത്തിലുണ്ടായിരുന്നു. സഹോദരിമാരിൽ ഒരാളായ കൽസുബായ് ഒരിക്കൽ ഈ മലമുകളിലേക്ക് കയറി പോകുകയും ഒരുപാടു കാലം തനിയെ അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് ഇവർക്കു എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ആർക്കും ഒരറിവുമില്ല. കാലക്രമേണ നാട്ടുകാർ ഇവരെ ആരാധിക്കാനും കൽസുബായ് എന്ന പേരിൽ ക്ഷേത്രം നിർമിച്ചു പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണ് ആ മലനിരകൾക്കു കൽസുബായ് എന്ന പേര് ലഭിച്ചത്. ക്ഷേത്ര ദർശനം കൂടി നടത്തി, തിരിച്ചിറങ്ങാം.
STORY HIGHLLIGHTS: kalsubai-peak-trek-in-igatpuri-maharashtra