വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങൾ കൂടി സംസ്കരിച്ചു. ചാലിയാറിൽ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളാണ് പുത്തുമലയിൽ സർവമത പ്രാർഥനയോടെ സംസ്കരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
നേരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഡി.എൻ.എ സാമ്പിൾ എടുത്ത ശേഷമാണ് പുത്തുമലയിലെത്തിച്ചത്. ഇവരെ തിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് സാമ്പിളുകൾക്ക് നൽകിയ നമ്പറുകളാണ് ഇവരുടെ മേൽവിലാസമായി അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഹാരിസൺ മലയാളം ലിമിറ്റഡ് വിട്ടുനൽകിയ ഭൂമിയിലാണ് കുഴിമാടങ്ങൾ ഒരുക്കിയത്. ഇതിനോടകം ഇവിടെ 48 പേരുടെ മൃതദേഹങ്ങളും കൂടാതെ തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും സംസ്കരിച്ചിട്ടുണ്ട്.
പ്രദേശത്ത് കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ചൂരൽമലയിൽ നടത്തിയ തിരച്ചിലില്‍ നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയര്‍ ഫോഴ്സ്,സിവിൽ ഡിഫൻസ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാർമല സ്കൂളിന്റെ പിറകിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്.