World

ഗസ്സ വെടിനിർത്തൽ; മധ്യസ്ഥ ചർച്ച ദോഹയില്‍ പുനരാരംഭിച്ചു- Gaza Ceasefire

ജൂലായ് 31 ന് ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചതിനെത്തുടര്‍ന്ന് ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കെ ആണ് വെടിനിര്‍ത്തല്‍ ചര്‍ച്ച

ദോഹ: ഗാസയിലെ വെടിനിര്‍ത്തലിനായി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടുത്ത ഘട്ടം വ്യാഴാഴ്ച ആരംഭിച്ചു. ജൂലായ് 31 ന് ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചതിനെത്തുടര്‍ന്ന് ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കെ ആണ് വെടിനിര്‍ത്തല്‍ ചര്‍ച്ച.

ഇസ്രായേൽ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്), ഈജിപ്ത് മധ്യസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ചർച്ചകൾ നടക്കുന്നത്. പത്ത് മാസമായി നടക്കുന്ന പോരാട്ടം അവസാനിപ്പിച്ച്‌ ബന്ദികളായ 115 ഇസ്രായേലികളെയും വിദേശികളെയും മോചിപ്പിക്കുകയും ലക്ഷ്യമാണ്.

10 മാസം നീണ്ട അധിനിവേശത്തിൽ ഏകദേശം 40,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതേസമയം ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള സാധ്യതകൾ കുറവാണെന്നാണ് ഹമാസിന്റെ വിലയിരുത്തൽ. പുതിയ ചർച്ചകളിലേക്ക് പോകുന്നത് അധിനിവേശത്തിന് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്താനും, കൂടുതൽ കൂട്ടക്കൊലകൾ നടത്താനുമുള്ള തന്ത്രമായാണ് കാണുന്നതെന്ന് മുതിർന്ന ഹമാസിന്റെ ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

എന്നാൽ, ഇന്ന് ദോഹയിൽ നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇസ്രയേൽ പ്രതിനിധി സംഘം ദോഹയിലേക്ക് പോകുന്നതിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ഷിൻ ബെറ്റ് തലവൻ റോണൻ ബാർ, നിറ്റ്‌സൻ അലോൺ, ഒഫിർ ഫാക്ക് എന്നിവർ ഇസ്രായേൽ പ്രതിനിധി സംഘത്തിലുണ്ടാകുമെന്ന് നെതന്യാഹുവിന്റെ വക്താവ് ഒമർ ദോസ്‌ത്രി വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ അമേരിക്കയെ പ്രതിനിധീകരിച്ച്‌ സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും യുഎസ് മധ്യേഷ്യ പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമാലും പങ്കെടുക്കുന്നുണ്ട്.