കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്യാർഥികൾ അല്ല ആക്രമണം നടത്തിയത്, അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസിനെ അക്രമിച്ച രീതി കണ്ടാല്‍ അത് ബിജെപിയും ഇടത് പാര്‍ട്ടികളുമാണെന്ന് മനസ്സിലാകും. തന്റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ ഒരു മണിക്കൂറോളം കാണാതായി. പിന്നീട് പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ബലപ്രയോഗം നടത്തിയില്ല. തങ്ങള്‍ ഒരുപാട് പ്രതിഷേങ്ങള്‍ നടത്തിയിട്ടുണ്ട്, അന്നൊന്നും ആശുപത്രിക്കുള്ളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ തങ്ങള്‍ ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു.
സമരത്തിന്റെ ഭാഗമായി പണിമുടക്കിലേര്‍പ്പെട്ട ഡോക്ടര്‍മാരോട് വിരോധമില്ലെന്നും മമത പറഞ്ഞു. ‘പോലീസ് വിഷയം അന്വേഷിച്ച് വരികയാണ്. വിദ്യാര്‍ഥികള്‍ക്കെതിരെയോ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെയോ എനിക്ക് പരാതിയില്ല. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നു. സംഭവത്തിന്റെ വീഡിയോ കണ്ടാല്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും’ മമത മാധ്യമങ്ങളോട് പറഞ്ഞു.
ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വൻ സംഘർഷമുണ്ടായിരുന്നു. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു.