ഗസ്സ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യത്തിൽ ഇതുവരെ 40000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച മരണം 40,005 ആയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ഗാസയിലെ ജനസംഖ്യ.
2100 ഫലസ്തീനി കുഞ്ഞുങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. തുടർച്ചയായ 10 മാസമായി ഇസ്രായേൽ നടത്തുന്ന ഹീനവും ക്രൂരവുമായ അക്രമണത്തിന്റെ തെളിവാണ് ഈ മരണസംഖ്യ.
ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഗാസയിലെ 60 ശതമാനത്തോളം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി റാഫായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. തങ്ങളുള്‍പ്പടെ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി ഗാസയിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ തടസ്സം നില്‍ക്കുന്നതിനാല്‍ കൃത്യമായ കണക്കുകള്‍ പുറംലോകത്തേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തില്‍ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളും നിലച്ചതോടെ മരണത്തിന്റെ കണക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേന്ദ്രീകൃത സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.
കഴിഞ്ഞ 10 മാസമായി തുടരുന്ന ഇസ്രായേലിന്റെ വംശഹത്യയ മൂലം ഫലസ്തീൻ കുട്ടികൾക്ക് അവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ പരിരക്ഷയും ഇവർക്കില്ല. ഭൂരിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം നഷ്ടപ്പെട്ടതിനു പുറമേ വീടും സാമ്പത്തിക ഭദ്രതയും കുടുംബത്തിലെ അംഗങ്ങളും നഷ്ടപ്പെട്ടു. ഫലസ്തീനിയൻ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.