ന്യൂഡല്‍ഹി: ജമ്മുകാശ്മീരിൽ ഭീകരരെ തുരത്താനുളള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവന്‍ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം. ഗോള്‍ഡന്‍ ലാബ്രഡോർ ഇനത്തിൽപ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് ഗാലൻട്രി അവാർഡ് പുരസ്കാരം.
കഴിഞ്ഞ സെപ്റ്റംബറിൽ ജമ്മുവിൽ ഭീകരരെ തുരത്താൻ സൈനികര്‍ക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് കെന്റിന് ജീവന്‍ നഷ്ടമായത്. രജൗരിയിൽ തമ്പടിച്ചിരുന്ന ഭീകരരുടെ താവളത്തിലേക്ക് സൈന്യത്തിന് വഴികാട്ടിയായത് കെന്റായിരുന്നു. ഭീകരർ തുടർച്ചയായി വെടിയുതിർത്തപ്പോഴും ഭയക്കാതെ കെന്റ് മുന്നോട്ടുനീങ്ങി.
തന്റെ ഹാൻഡ്ലറായ സൈനികനെ ഭീകരരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കവെ വെടിയേറ്റു. പോരാട്ടഭൂമിയിൽ കെന്റിന് വീരമൃത്യു. ത്രിവർണ പതാക പുതപ്പിച്ച് പുഷ്പചക്രം സമർപ്പിച്ചാണ് കെന്റിന് സൈന്യം അന്ന് യാത്രാമൊഴി നൽകിയത്.
ഓപ്പറേഷനിൽ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും രണ്ട് സൈനികർക്കും ഒരു പൊലീസുകാരനും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
08B8 ആർമി നമ്പറിലുള്ള പ്രത്യേക ട്രാക്കർ നായ ആയിരുന്നു കെന്റ്. 2022 നവംബർ 14-ന് പൂഞ്ചിൽ നടന്ന ഓപ്പറേഷനിലാണ് കെന്റ് ആദ്യമായി പങ്കെടുത്തത്. ഒൻപത് ഭീകരവിരുദ്ധ ദൗത്യങ്ങളിൽ സൈന്യത്തോടൊപ്പം കെന്റ് പങ്കാളിയായി. അസാമാന്യമായ ധീരതകൊണ്ട് സൈനികരുടെ ഹൃദയം കീഴടക്കിയ കെന്റ്, സേനാ മേധാവികളുടെ ഉൾപ്പടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.