കാർവാർ: കാർവാറിൽ പാലം തകർന്നു പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണു ലോറി കരയ്ക്ക് എത്തിച്ചത്.
രാവിലെ ഒമ്പതുമണിയോടെയാണു ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി 4 ക്രെയിനുകൾ ഉപയോഗിച്ചാണു കരയ്ക്ക് എത്തിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് ആറിന് രാത്രിയിലാണ് പാലം തകർന്ന് തമിഴ്നാട്ടിൽ നിന്നുവരികയായിരുന്ന ലോറി പുഴയിൽ വീണത്. ലോറിയിൽ നിന്ന് ഡ്രൈവർ ബാലമുരുകനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, പൂർണമായും പുഴയിലേക്ക് താഴ്ന്നുപോകാതെ പാലത്തിന്റെ സ്ലാബിൽ കുരുങ്ങിയ നിലയിലായിരുന്ന ലോറി പുറത്തെത്തിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
18 ടൺ ഭാരമുള്ള ലോറി ക്രെയിനുകൾ ഉപയോഗിച്ച് വടംകെട്ടി ഉയർത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടർന്നാണ് വ്യാഴാഴ്ച ഈശ്വർ മാൽപയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ക്രെയിനുകളുടേയും രണ്ടു ബോട്ടുകളുടേയും സഹായത്തോടെ കരക്കെത്തിച്ചത്. 50 ലധികം പേരുടെ മണിക്കൂറുകൾ നീണ്ട പ്രയത്നമാണ് വിജയം കണ്ടത്.