Travel

ചരിത്രത്തിന്റെ ശേഷിപ്പായ നിർമ്മിതി; വിസ്മയം തീര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ ഗുഹാകൊട്ടാരം! | take-a-peek-inside-the-largest-cave-castle-in-the-world

ഗുഹാമുഖത്ത് നിര്‍മിച്ച അതിമനോഹരമായ ഒരു കൊട്ടാരമാണിത്

മധ്യകാലഘട്ടത്തിന്‍റെ പ്രധാനസവിശേഷതകളിലൊന്നാണ് ഗുഹാമുഖങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍. ഇന്ത്യയില്‍ പലയിടങ്ങളിലും ജനവാസമുണ്ടായിരുന്ന ഇത്തരം ഗുഹാകേന്ദ്രങ്ങളുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യൂറോപ്പില്‍ ഇത്തരത്തിലുള്ള ഏറ്റവും പ്രശസ്തമായ ഒരു ഗുഹാകെട്ടിടമുണ്ട്, സ്ലോവേനിയയിലെ പ്രെഡ്‌ജാമ കാസിൽ. ഗുഹാമുഖത്ത് നിര്‍മിച്ച അതിമനോഹരമായ ഒരു കൊട്ടാരമാണിത്. ചരിത്രപ്രധാന്യത്തോടൊപ്പം, ലോകത്ത് വളരെയേറെ സഞ്ചാരികള്‍ എത്തുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം.ദക്ഷിണ-മധ്യ സ്ലോവേനിയയിലെ ചരിത്രപരമായ പ്രദേശമായ ഇന്നർ കാർനിയോളയിലാണ് പ്രെഡ്‌ജാമ കാസിൽ. പ്രശസ്തമായ പോസ്റ്റോജ്ന പട്ടണത്തിൽ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ അകലെയുള്ള പ്രെഡ്ജാമ ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

1274- ൽ അക്വിലിയയിലെ പാത്രിയർക്കീസ് ആണ് ഗോഥിക് ശൈലിയിൽ ഈ കൊട്ടാരം പണിതത്. അക്കാലത്ത് ജര്‍മന്‍ പേരായ ‘ലുഗ്’ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. അത്ര പെട്ടെന്നൊന്നും ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത വിധത്തില്‍, ഉയരമുള്ള ഒരു പാറക്കെട്ടിനു കീഴില്‍ ഒരു കോട്ട പോലെയായിരുന്നു ആദ്യകെട്ടിടം നിര്‍മിച്ചത്. പിന്നീട് ലുഗ് പ്രഭുകുടുംബം ഈ കോട്ട ഏറ്റെടുത്ത് കൊട്ടാരമാക്കി മാറ്റി.പതിനഞ്ചാം നൂറ്റാണ്ടില്‍ കൊട്ടാരത്തിന്‍റെ അവകാശിയായിരുന്ന ഇറാസ്മസിന്‍റെ പേരിലാണ് ഇത് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇയാള്‍ കൊള്ളക്കാരനായിരുന്നു. പണക്കാരില്‍ നിന്നും മോഷ്ടിച്ചെടുത്ത് പാവങ്ങളെ സഹായിക്കുന്ന ആളായിരുന്നു ഇറാസ്മസ്. ഇദ്ദേഹത്തിന്‍റെ മരണശേഷം, പല കുടുംബങ്ങളിലൂടെ കൈമാറിയും രൂപമാറ്റങ്ങള്‍ക്ക് വിധേയമായും ചരിത്രസംഭവങ്ങള്‍ക്ക് മൂകസാക്ഷിയായി നിലകൊണ്ട കൊട്ടാരം ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു മ്യൂസിയമായാണ് പരിപാലിക്കുന്നത്.

മെയ് മുതൽ സെപ്റ്റംബർ വരെ പ്രെഡ്‌ജാമ കൊട്ടാരവും ഗുഹയും സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. ഉള്ളിലേക്ക് പതിനാലു കിലോമീറ്ററോളം ഉള്ള ഗുഹാഭാഗത്തേക്ക് സന്ദര്‍ശകര്‍ക്ക് കടക്കാന്‍ അനുവാദമുണ്ട്. ഇതിനുള്ളില്‍ ധാരാളം വവ്വാലുകള്‍ വസിക്കുന്നു, മഞ്ഞുകാലത്ത് ഇവയുടെ ഹൈബർനേഷൻ സമയമായതിനാല്‍ ഈ സമയത്ത് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും ഇവിടം സന്ദര്‍ശിക്കാം. കൊട്ടാരത്തില്‍ എത്തുന്നവര്‍ക്ക് വിവരം നല്‍കുന്നതിനായി പതിനഞ്ചു ഭാഷകളില്‍ ഇതിനെക്കുറിച്ച് വിവരിക്കുന്ന ഒരു ഓഡിയോ ബുക്ക് ലഭ്യമാണ്. മേല്‍ക്കൂരയിലെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് മേല്‍ തിളച്ച എണ്ണ തൂവുന്ന ദ്വാരങ്ങളും തടവറയും ഒളിക്കാനുള്ള നിലവറയുമെല്ലാം കൗതുകമുണര്‍ത്തും. ഇതിനരികിലായി, ഏകദേശം 9 കിലോമീറ്റര്‍ അകലെ, പോസ്റ്റോജ്ന എന്നു പേരായ മറ്റൊരു ഗുഹ കൂടിയുണ്ട്, ഇതും പ്രെഡ്‌ജാമ കൊട്ടാരവും ഒറ്റ ടൂറില്‍ സന്ദര്‍ശിക്കാം. ടൂറുകൾ കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ടതുണ്ട്.

STORY HIGHLLIGHTS: take-a-peek-inside-the-largest-cave-castle-in-the-world