ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിൻനിരയിൽ ഇരുത്തിയ സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി. കെ.പി.സി.സി വക്താവ് അനിൽ ബോസാണ് പരാതി നൽകിയത്.
പ്രോട്ടോക്കോൾ അനുസരിച്ചു പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാരടങ്ങുന്ന ഏഴാം പട്ടികയിലാണ്. പ്രോട്ടോക്കോൾ തെറ്റിച്ചതിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍.
രാഹുൽ ഗാന്ധിയെ ഏറ്റവും പിൻനിരയിൽ ഇരുത്തിയത് നിരാശാജനകമാണെന്നും യുപിഎ ഭരണകാലത്ത് അദ്വാനിയെയും മറ്റും മുൻനിരയിൽ ഇരുത്തിയത് നിങ്ങൾ ശ്രദ്ധിച്ചില്ലേയെന്നും കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ ചോദിച്ചു. ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് മോദി ഇനിയും പാഠം പഠിച്ചില്ലെന്നും രാഹുലിനെ പിൻനിരയിൽ ഇരുത്തിയത് രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന നീതികേടാണെന്നും കോൺഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രോട്ടോകോള്‍ പ്രകാരം മുന്‍നിരയിലാണ് രാഹുലിന് സീറ്റ് ക്രമീകരിക്കേണ്ടിയിരുന്നത്. എന്നാൽ ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം പിന്നില്‍ നിന്നും രണ്ടാമത്തെ വരിയിലായിരുന്നു രാഹുലിന്‍റെ സീറ്റ്. ഏറ്റവും മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊപ്പമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിമാരുടെ അതേ റാങ്കുള്ള പ്രതിപക്ഷ നേതാവിനെ പിന്നില്‍ ഇരുത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
സീറ്റ് ക്രമീകരിച്ചതിന്റെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണ്. ഒളിംപിക്‌സ് താരങ്ങള്‍ക്ക് സീറ്റൊരുക്കാനാണ് രാഹുലിനെ രണ്ടാം നിരയില്‍ ഇരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.