Kerala

പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്തു; സിപിഎം വനിതാ നേതാവ് അറസ്റ്റിൽ | Post Office deposits were expropriated; CPM woman leader arrested

കൊല്ലം: സിപിഎം പ്രാദേശിക വനിതാ നേതാവ് പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്ത കേസിൽ അന്വേഷണം ഇഴയുന്നു. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗമായ ഷൈലജയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മഹിളാ പ്രധാൻ ഏജന്‍റായി പ്രവർത്തിക്കുകയായിരുന്ന ഷൈലജയെ തപാൽ വകുപ്പിന്‍റെ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ഡപ്യൂട്ടി ഡയറക്ടർക്ക് ഒരു വർഷം മുൻപ് ലഭിച്ച പരാതിയാണ് അന്വേഷണത്തിന് പൊലീസിന് കൈമാറിയത്. എന്നാൽ തപാൽ വകുപ്പിന്‍റെ പരാതി ഉണ്ടായിട്ടും ഏറെ കാലതാമസം വരുത്തിയാണ് പ്രതിയെ പിടികൂടിയത്.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെ നടത്താൻ പൊലീസ് തയാറായിട്ടില്ല. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമാണ് ഷൈലജ. 2017 മുതൽ 2022 വരെ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകയാണ് ഷൈലജ കൈക്കലാക്കിയത്. എത്ര നിക്ഷേപകരുടെ എത്ര രൂപ നഷ്ടപ്പെട്ടു, ഏതു രീതിയിലാണ് തട്ടിപ്പ് നടത്തിയത് എന്നതിലൊക്കെ അന്വേഷണം ആവശ്യമാണ്.

ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന പ്രതി ജാമ്യത്തിനായി നിലവിൽ ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. പരാതിക്കാരായ ചില സ്ത്രീകൾക്ക് ഷൈലജ പണം തിരികെ നൽകാനും ശ്രമിച്ചതായാണ് വിവരം. കേസിൽ വിശദമായി അന്വേഷണം ആവശ്യമാണെന്ന് തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു.