Investigation

പുത്തുമലയില്‍ ഒറ്റയ്ക്ക് ഒരാള്‍: തോമസ് ആല്‍വാ എഡിസണ്‍ ചെഗുവേര ഭ്രാന്തന്‍ എന്നൊക്കെ വിളിക്കുന്നുണ്ട്; ആരാണയാള്‍ ? (സ്‌പെഷ്യല്‍ സ്റ്റോറി) /Alone in Puthumala: Thomas Alva Edison is called Che Guevara mad; who is he

അയാളൊരു അപൂര്‍വ്വ മനുഷ്യനാണ്, ഉരുള്‍ മൂടിയ ഇടത്ത് ഒറ്റക്കു താമസിക്കാന്‍...

പുത്തുമലയുടെ നെഞ്ചു പിളര്‍ത്തിയ ദുരന്തം നടന്നിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ പച്ചക്കാട് മലയ്ക്കു താഴെ നിര്‍ഭയമായി ഒറ്റയ്‌ക്കൊരാള്‍ ജീവിക്കുന്നുണ്ട് ഇന്നും. സ്വന്തം കണ്ടുപിടുത്തം കൊണ്ട് വൈദ്യുതിയും, തന്നെ കാണാനെത്തുന്നവര്‍ക്കു താമസിക്കാന്‍ ടെന്റുകള്‍ ഒരുക്കിയും, വൈവിധ്യമാര്‍ന്ന കാഴ്ച വിരുന്നിന്റെ പ്രകൃതി സൗന്ദര്യം ഒരുക്കിയും, കൃഷി ചെയ്തുമൊക്കെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നൊരു പച്ച മനുഷ്യന്‍. പുത്തുമലയെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ നേരിട്ടുകണ്ട ആ മനുഷ്യനെ കാണാനും വിവരങ്ങള്‍ തിരക്കാനും നിരവധിപേര്‍ ഇപ്പോഴും പച്ചക്കാട് മലകയറി പോകുന്നുണ്ട്.

 

എന്നാല്‍, ദുരന്തം കണ്‍മുമ്പിലൂടെ തന്റെ നാടിനെ കവര്‍ന്നെടുത്തിട്ടും, പച്ചക്കാട് മലയിറങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. പാലഞ്ചേരി സുമാറാണി എന്ന ബോര്‍ഡ് വെച്ച വീടിട്ടില്‍ ഇന്നും ശ്രീകുമാര്‍ എന്ന ആ മനുഷ്യന്‍ സഞ്ചാരികളെയും കാത്ത് നില്‍പ്പുണ്ട്. ശ്രീകുമാറിന്റെ വീട് ഇരിക്കുന്ന 70 മീറ്റര്‍ ചുറ്റളവ് ഒഴിവാക്കിയാണ് അന്ന് പ്രകൃതി താണ്ഡവമാടിയത്. ശ്രീകുമാറിന്റെ വീടിനു മുകളില്‍വെച്ച് ഉരുള്‍ രണ്ടായി വഴിമാറി കുത്തിയൊലിച്ചു പോയി. തന്നെ പ്രകൃതി രക്ഷിച്ചതാണെന്നാണ് ശ്രീകുമാര്‍ പറയുന്നത്. പ്രകൃതിക്ക് തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യാനുണ്ട്.

അതി തീര്‍ത്തിട്ട് ഈ മണ്ണില്‍ തന്നെ മരിക്കും. അത്ഭുതങ്ങള്‍ നിറച്ചു വെച്ചതാണ് ശ്രീകുമാറിന്റെ വീട്. ഭാര്യയുമായി നേരത്തെ തന്നെ പിരിഞ്ഞു. അതുകൊണ്ട് കുടുംബത്തെ കുറിച്ച് ചോദ്യങ്ങളുമില്ല, വ്യക്തമായ ഉത്തരവുമില്ല. നാട്ടുകാര്‍ വിളിക്കുന്നത് ചെഗുവേര എന്നാണ്. മറ്റു ചിലര്‍ ഭ്രാന്നെന്നും വിളിക്കും. ശ്രീകുമാറിന്റെ ജീവിതത്തെ കുറിച്ചും, പുത്തുമലയിലെ ദുര്‌നതത്തെ കുറിച്ചുമൊക്കെ സംസാരിച്ചപ്പോള്‍.

ചെഗുവേര എന്നു വിളിക്കുന്നതെന്തിന് ?

തെറ്റെന്നു തോനനുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ആളാണ് ഞാന്‍. പ്രകൃതിക്കു ദോഷം ചെയ്യുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല. പ്രത്യേകിച്ച് പ്ലാസ്റ്റിക്. നഗരത്തില്‍ എവിടെയും പ്ലാസ്റ്റിക് കാണാം. അവിടെ ചെന്നാല്‍ അതിനെതിരേയൊക്കെ പറയേണ്ടി വരും. അത് വലിയ പ്രശ്‌നങ്ങളിലേക്കു നീങ്ങുകയും ചെയ്യും. എന്തിനാണ് അങ്ങോട്ട് പോയി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതിനേക്കാള്‍ നല്ലത് സ്വന്തം നാട്ടില്‍ സ്വന്തം വീട്ടില്‍ നിന്നാല്‍പ്പോരേ. എന്നെ കാണാനെത്തുന്നവര്‍ ഇവിടെ വഴിതെറ്റാതെ വരും. തെറ്റിനെ ചോദ്യം ചെയ്യുന്നതു കൊണ്ടാണ് ചെഗുവേരയെന്നു വിളിക്കുന്നത്. പ്രകൃതിയില്‍ അലിഞ്ഞു ജീവിക്കാനാണ് ഏറെ ഇഷ്ടം.

അപ്പോള്‍ ഭ്രാന്തനെന്നു വിളിക്കുന്നതോ ?

പ്രകൃതിയെ ഭ്രാന്തമായാണ് സ്‌നേഹിക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പിന്നെ, ദുരന്തമുണ്ടയതിനു ശേഷം ഇവിടെ താമസിക്കരുതെന്നു പറഞ്ഞിരുന്നു. അത് കേട്ടില്ല. വീടുവിട്ടു പോകാന്‍ തയ്യാറായില്ല. അതുകൊണ്ടും വിളിക്കാറുണ്ട്. പക്ഷെ, വിളിക്കുന്നവര്‍ക്കറിയാം, തനിക്ക് ഭ്രാന്തില്ലെന്ന്. ഒറ്റക്ക് ജീവിക്കുന്നതു കൊണ്ട് ചിലപ്പോള്‍ ഭ്രാന്തനാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാമല്ലോ.

തോമസ് ആല്‍വാ എഡിസണ്‍ ആണോ ?

അങ്ങനെയൊന്നുമില്ല. വീട്ടിലേക്ക് ആവശ്യമായി വരുന്ന കറണ്ട് ഉത്പ്പാദിപ്പിക്കുന്നുണ്ട്. മലയില്‍ നിന്നും വരുന്ന വെള്ളത്തെ നേര്‍ത്തൊരു പൈപ്പിന്റെ സഹായത്തോടെ ഇരുമ്പിന്റെ ടര്‍ബന്‍ കറക്കി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് കറണ്ട് ഉത്പാപ്ദിപ്പിക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ കറണ്ടിനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നുണ്ട്. കറണ്ട് ഉത്പാദിപ്പിച്ചു കഴിയുന്ന വെള്ളം ഒഴുക്കിക്കളയുന്നുമുണ്ട്. സ്വന്തം രീതിയിലാണ് കറണ്ടുത്പ്പാദനം നടത്തുന്നത്. പഴയ ടയറില്‍, നിരവധി അറകളുള്ള ചെറിയ ടര്‍ബന്‍ പിടിപ്പിക്കുന്നു. അതിനോടു ചേര്‍ന്ന് മോട്ടോറും. മോട്ടോറില്‍ വെള്ളം വീഴാതിരിക്കാന്‍ പ്രത്യേക കവചവും വെയ്ക്കുന്നു.

തുടര്‍ന്ന് ഈ ടര്‍ബന്റെ ഓരോ അറയിലേക്കും വെള്ളം ശക്തിയായി പതിക്കുന്നതിനായി ചെറിയ നോസിലുള്ള പൈപ്പ് വെയ്ക്കും. അതിലേക്ക് മലയില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തെ കടത്തിവിടും. ഈ വെള്ളമാണ് ടര്‍ബനെ കറക്കുന്നത്. 10 സെക്കന്റില്‍ പത്ത് ലിറ്റര്‍ വെള്ളം വലിയ ഫോഴ്‌സില്‍ പതിക്കുന്നുണ്ട്. അങ്ങനെയാണ് ബള്‍ബും ട്യൂബുമൊക്കെ കത്തിക്കുന്നത്. 500 വാട്ടിന്റെ ബള്‍ബു വരെ കത്തിക്കാനാവും. തനിക്കു വേണ്ടുന്ന കറണ്ട് കിട്ടുന്നുണ്ട്. അതുമതി. സ്വന്തമായി കറണ്ടുത്പ്പാദിപ്പിച്ച് വെളിച്ചമുണ്ടാക്കുന്നതു കൊണ്ടാണ് തോമസ് ആല്‍വാ എഡിസണ്‍ എന്നൊക്കെ വിളിക്കുന്നത്.

എന്നാല്‍, ശ്രീകുമാറിന്റെ കണ്ടു പിടുത്തവും, കറണ്ടുത്പ്പാദനവും കൗതുകവും അത്ഭുതവും നിറയ്ക്കുന്നുണ്ട് കാഴ്ചക്കാരെ. എത്ര വൈദഗ്ധ്യത്തോടെയാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. സൂക്ഷ്മമായ വശങ്ങളും, നിര്‍മ്മാണവും ശ്രദ്ധേയമാണ്. KSEBയിലെ എഞ്ചിനീയര്‍മാര്‍ക്കു പോലും ഇത്തരമൊരു കണ്ടുപിടുത്തമോ, നിര്‍മ്മാണമോ നടത്താനാകില്ല. ഇടുക്കിയിലെ വൈദ്യുതോത്പ്പാദനത്തിന് ഉപയോഗിക്കുന്ന വലിയ ടര്‍ബനുകളുടെ ചെറു പതിപ്പാണിത്. അതും ഒറ്റയ്ക്കു താമസിക്കുന്ന വീടിന്റെ ലൈറ്റുകള്‍ക്കായി ഉപയോഗിക്കുന്നു. അതാണ് ശ്രീകുമാറിനെ എഡിസണ്‍ എന്നു വിളിക്കാന്‍ കാരണവും.

വീടിനെ കുറിച്ച് ?

ശ്രീകുമാറിന്റെ വീടിനു മുമ്പില്‍ ഒരു വൃക്ഷമുണ്ട്. അതിനു മുകളില്‍ ഒരു മോട്ടോര്‍ ബൈക്ക് കയറ്റി വെച്ചിട്ടുണ്ട്. എന്തിനാണ് അത് മുകളില്‍ കയറ്റി വെച്ചതെന്നു ചോദിച്ചപ്പോള്‍ അതിജീവിക്കുമെന്നതിന്റെ ചിഹ്ന്‌നമായാണ് വെച്ചിരിക്കുന്നതെന്നാണ് ശ്രീകുമാര്‍ പറയുന്നത്. മലകയറി വരുന്നവര്‍ക്ക് വിശ്രമിക്കാന്‍ പറ്റിയ മുറ്റമുണ്ട്. പച്ചവിരിച്ച മുറ്റത്ത് മുളക്കമ്പു കൊണ്ട് തീര്‍ത്ത കസേരകള്‍, പോളിത്തീന് ഷീറ്റു മൂടിയ അഞ്ചോ ആറോ ടെന്റുകള്‍. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ വേണ്ടിയാണത്. ചുറ്റും പച്ചപ്പു നിറഞ്ഞിരിക്കുന്നു. വലിയ കടന്നല്‍ കൂടും, പൂച്ചയും, പുഷ്പച്ചെടികളും കൊണ്ട് വീട്ടു മുറ്റം നിറഞ്ഞിച്ചിട്ടുണ്ട്.


എല്ലാം നശിച്ചുപോയ പുത്തുമലയില്‍ ഇങ്ങനെയും ജീവിതം കൗതുകമാക്കിയും പഠന വിധേയവുമാക്കേണ്ട തലത്തില്‍ ഒരാള്‍ ജീവിക്കുന്നുണ്ട്. ആരോടും പരിഭവമില്ല. ആരോടും വെറുപ്പോ വിദ്വേഷമോയില്ലാതെ, പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കുന്നു. വ്്‌ളോഗര്‍മാരും, യൂ ട്യൂബര്‍മാരും ശ്രീകുമാറിനെ കാണാന്‍ ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം ശ്രീകുമാറിനെ കാണാതെ പോവുകയാണ്. അദ്ദേഹത്തിന്റെ കണ്ടു പിടുത്തങ്ങളെയും.

2019 ഓഗസ്റ്റ് 8 ഉരുള്‍പൊട്ടല്‍

2019 ആഗസ്റ്റ് എട്ടിനാണ് വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 57 വീടുകള്‍ പാടേ മാഞ്ഞു പോയി. അന്ന് ഒരു ഗ്രാമം തന്നെയാണ് ആ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. പുത്തുമല ദുരന്ത ഓര്‍മകള്‍ക്ക് 5 വര്‍ഷം തികയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കുമ്പോഴാണ് വയനാടിനെ ഭീതിയിലാഴ്ത്തി ചൂരല്‍ മലയിലെ മറ്റൊരു ഉരുള്‍പ്പൊട്ടല്‍. കനത്ത മഴയില്‍ പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച് താഴേക്കു പതിക്കുകയായിരുന്നു. കൂറ്റന്‍പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെയൊന്നാകെ മൂടുകയായിരുന്നു. ഇതിനെല്ലാം സാക്ഷിയായി ശ്രീകുമാര്‍ മാത്രം ഇന്നും അവിടെയുണ്ട്. ബാക്കി എല്ലാവരെയും മാറ്റി പാര്‍പ്പിച്ചു. പുതിയ ടൗണ്‍ഷിപ്പുണ്ടായി.

പുത്തുമലയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറിയാണ് മുണ്ടക്കൈയ്യില്‍ ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായത്. വിമാനം സ്റ്റാര്‍ട്ടാക്കുന്ന ശബ്ദവും, പാറകളുടെ കൂട്ടിയിടിയും പ്രകമ്പനവുമാണ് അന്ന് കേട്ടത്. ഇവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ പറഞ്ഞിരുന്നു. പക്ഷെ, പോയില്ല കൃഷി ചെയ്തു ജീവിക്കുന്നു. വീടുതന്നെ വര്‍ക്ക് ഷോപ്പു പോലെയാണ്. ആ വീട്ടില്‍ ഇല്ലാത്തതായി ഒന്നുമില്ല. കാര്‍ബണ്‍ ന്യൂട്രല്‍ സ്ഥലം കൂടിയാണിത്.

CONTENT HIGHLIGHTS; Alone in Puthumala: Thomas Alva Edison is called Che Guevara mad; who is he

Latest News