Entertainment

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം; അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, നല്ല ടെന്‍ഷനായിരുന്നുവെന്ന് ബീന ആര്‍. ചന്ദ്രന്‍-Kerala State Film Awards

എല്ലാവരും അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതു കിട്ടുന്നതുവരെ വലിയ ടെന്‍ഷനായിരുന്നുവെന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച നടി ബീന ആര്‍. ചന്ദ്രന്‍. പുരസ്‌കാരം ഉണ്ടെന്ന് അറിഞ്ഞതോടെ വലിയ സന്തോഷമാണ്. അതിലുപരി ഉര്‍വശി ചേച്ചിക്കൊപ്പമാണ് അവാര്‍ഡ് എന്നത് ഇരട്ടി മധുരമാണ്. കാരണം ഞാന്‍ അത്രത്തോളം ആരാധിക്കുന്ന അഭിനേത്രിയാണ്. ഉള്ളൊഴുക്ക് കണ്ടിരുന്നു, ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും പറഞ്ഞിരുന്നു നിങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണെന്ന്. എല്ലാവരും ഇതൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും നല്ല ടെന്‍ഷന്‍ ആയിരുനനുവെന്നും ബീന പറഞ്ഞു. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത തടവ് എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആര്‍ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. പട്ടാമ്പി പരുതൂര്‍ സി.ഇ.യു.പി. സ്‌കൂളിലെ അധ്യാപികയും നാടക പ്രവര്‍ത്തകയും കൂടിയാണ് ബീന. ചലച്ചിത്രമേളയില്‍ തടവിന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഐ എഫ് എഫ് കെയില്‍ തടവ് പ്രദര്‍ശിപ്പിച്ചതിന് ശേഷം മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് ഒരുപാട് ആള്‍ക്കാര്‍ സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ അത് എന്റെ മനസിലേക്ക് എടുത്തിട്ടുണ്ടായിരുന്നില്ല. കാരണം ഇത്രയും സീനിയറായ നടിമാര്‍ ഉള്ളപ്പോള്‍ ഞാന്‍ അത് മോഹിക്കുന്നത് പോലും ശരിയല്ല എന്നുള്ള തോന്നലായിരുന്നു എനിക്ക്. പക്ഷേ വെറുതേ മോഹിക്കുവാന്‍ മോഹം എന്ന് പറയുന്നതുപോലെ മോഹിച്ചിരുന്നു. എന്നാല്‍ പുരസ്‌കാരം കിട്ടിയില്ലെങ്കിലും തളരാന്‍ പാടില്ലെന്ന് എന്റെ മനസിനെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്തിരുന്നു. എനിക്ക് നാടകമുണ്ട് കൂട്ടിന് എന്ന് എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ബീന ആര്‍. ചന്ദ്രന്‍ പറഞ്ഞു.

ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നു പോകുന്ന സ്ത്രീ ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ അനായാസമായി അവതരിപ്പിച്ചതിനാണ് ബീനയെ തേടി പുരസ്‌കാരമെത്തുന്നത്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഫാസില്‍ റസാഖിന് സമ്മാനിച്ച ചിത്രം കൂടിയാണ് തടവ്. തിയേറ്റര്‍ മേഖലയില്‍ നിന്നും സിനിമാലോകം സ്വീകരിച്ച പ്രതിഭയാണ് അധ്യാപികയായ ബീന. ഫാസില്‍ റസാക്ക് സംവിധനം ചെയ്ത ഈ ചിത്രത്തില്‍ പതിവിലും വിപരീതമായ ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയെ അവതരിപ്പിക്കുകയായിരുന്നു ബീനയുടെ ചുമതല. ചുറ്റുമുള്ള ലോകവും, അടുപ്പമുള്ള മനുഷ്യരാലും ഒറ്റപ്പെടുന്ന ഗീതയുടെ പൊട്ടിറിത്തെയിലും ഉണ്ട് ആ വൈരുധ്യം.

Content Highlights; State Film Award; Bina R. Chandran said that even though people had said that she would get the award, she was tense.