വയനാടില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥാ വ്യതിയാനവും അവ മനുഷ്യജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും എന്ന വിഷയത്തിന്മേല്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്) വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അതിഭീതിതമായ ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്നതിനായി, പരമ്പരയുടെ തലക്കെട്ട്, ‘ദി വയനാട് റെസിലിയന്‍സ് സീരീസ്: അഡ്രസ്സിങ് ക്ലൈമറ്റ് ചെയ്ഞ്ച് ചലഞ്ചസ് ഇന്‍ ഇന്ത്യ’ എന്നാണ് നല്‍കിയിരിക്കുന്നത്.
ഈ പരമ്പരയിലെ ആദ്യ ചര്‍ച്ച, ‘ ഡെവലപ്പ്‌മെന്റ് അറ്റ് ദി ക്രോസ്സ്റോഡ്‌സ് : വയനാട് പാസ്‌ററ്‌സ് ആന്‍ഡ് ഫ്യൂച്ചേഴ്‌സ്’ എന്ന തലക്കെട്ടില്‍, ഓഗസ്റ്റ് 14-ന് സി.ഡി.എസിലെ ജോആന്‍ റോബിന്‍സണ്‍ ഹാളില്‍ നടന്നു. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞരായ ഡോ.ശ്രീകുമാര്‍ ചതോപാധ്യായ, ഡോ. കെ.സോമന്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ. ശ്രീധര്‍ രാധാകൃഷ്ണനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സി. ഡി. എസിലെ അധ്യാപകനായ പ്രൊഫസര്‍ സൂരജ് ജേക്കബായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് സമഗ്രമായ ധാരണയുണ്ടാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സി. ഡി. എസ്. ഡയറക്ടര്‍ പ്രൊഫ. സി. വീരമണി സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ നിന്നുള്ള നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലുണ്ടായ സമീപകാല പ്രകൃതി ദുരന്തങ്ങളെ മുന്‍നിര്‍ത്തി വികസനം എന്ന ആശയത്തെ പുനര്‍വിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകത, ഭാവിയിലെ വികസന രീതികള്‍ എങ്ങനെ വിഭാവനം ചെയ്യണം എന്നതുമായിരുന്നു പ്രധാനമായി ചര്‍ച്ചചെയ്യപ്പെട്ട ആശയങ്ങള്‍.
വയനാട് മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എടുത്തുപറഞ്ഞാണ് ഡോ. കെ. സോമന്‍ ചര്‍ച്ച ആരംഭിച്ചത്. ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭൂവിനിയോഗ രീതികള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തോടൊപ്പം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചേര്‍ത്ത് വിശകലനം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാടിനെ പരിസ്ഥിതി ദുര്‍ബല പ്രദേശം ആക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളെ കുറിച്ചാണ് ഡോ. ശ്രീകുമാര്‍ ചതോപാധ്യായ സംസാരിച്ചത്.
ഒപ്പം കഴിഞ്ഞ കാലങ്ങളിലായി കൃഷി, ടൂറിസം, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം പ്രദേശത്തിന്റെ ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ എങ്ങനെയാണ് ഇതിനു ആക്കം കൂട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഭാവിയിലെ വികസന പാതകളില്‍ ദുരന്തത്തെ മുന്‍കൂട്ടി കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താനുള്ള ശേഷി നമ്മുടെ സംവിധാനങ്ങള്‍ ആര്‍ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ മേഖലയിലെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയും അനിയന്ത്രിതമായ ചൂഷണ സ്വഭാവവും ഭൂവിനിയോഗ രീതികളില്‍ ഭയാനകമായ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും, ഇത് ദുരന്തങ്ങളുടെ ആവര്‍ത്തനത്തിനു കാരണമാകുമെന്നുവെന്നും ശ്രീധര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ദുരന്താനന്തര പരിപാലനം, മണ്ണിടിച്ചില്‍ സാധ്യതാ മാപ്പിംഗ്, വികേന്ദ്രീകൃത ദുരന്ത പ്രതികരണ സംവിധാനം എന്നിവയ്ക്കൊപ്പം ദുരന്തലഘൂകരണത്തിലും പൊരുത്തപ്പെടുത്തല്‍ നടപടികളിലും അനുയോജ്യമായ സര്‍ക്കാര്‍ ഇടപെടലുകളുടെ ആവശ്യകത പാനല്‍ ശ്രദ്ധയില്‍പ്പെടുത്തി
CONTENT HIGHLIGHTS;Survival of Wayanad: Intervention of Center for Development Studies; Discussion series