സൗദിയിൽ ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം റിയാൽ വരെ സമ്മാനം ലഭിക്കും. ബിനാമി വിരുദ്ധ അതോറിറ്റിക്ക് കീഴിലാണ് പദ്ധതി. സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മറ്റു ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകാനുള്ള പദ്ധതിക്കും തുടക്കമായി.
സൗദികളുടെ പേരിൽ സ്ഥാപനം തുടങ്ങുന്നത് തന്നെ ബിനാമി ഗണത്തിലാണ് നിലവിൽ പെടുത്തുന്നത്. ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് സമ്മാന പദ്ധതി നേരത്തെ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളിലാണ് വിവരം നൽകുന്നവർക്കുള്ള തുക പറയുന്നത്. പത്ത് ലക്ഷം റിയാലാണ് ബിനാമി സ്ഥാപനങ്ങൾക്കുള്ള പിഴ. വിദേശികളെ നാടു കടത്തുകയും ചെയ്യും.
പിഴ തുകയുടെ മുപ്പത് ശതമാനം വിവരം നൽകുന്നവർക്കുള്ളതാണ്. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രാജ്യ രഹസ്യം പോലെ സൂക്ഷിക്കണമെന്ന ഉത്തരവ് നേരത്തെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സൗദിയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകാം. ഇതിനുള്ള ലിങ്കും വാണിജ്യ മന്ത്രാലയ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ബിനാമി ബിസിനസ് അവസാനിപ്പിച്ച് സ്വന്തം പേരിൽ ബിസിനസ് തുടങ്ങാൻ സൗദിയിൽ നേരത്തെ മന്ത്രാലയം അവസരം നൽകിയിരുന്നു.