പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പതിനൊന്നിനം പഴ വർഗ്ഗങ്ങളാൽ സമൃദ്ധമായി സൗദിയിലെ വിപണി. ഭക്ഷ്യോൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനായുള്ള വിവിധ പദ്ധതികളുടെ ഫലമായാണ് നേട്ടം. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
അത്തിപ്പഴം, ഈന്തപ്പഴം, മുന്തിരി, മാതളനാരകം, വാഴപ്പഴം, ഷമാം, തണ്ണിമത്തൻ, പപ്പായ, പേരക്ക, നാരകം, ആപ്പിൾ എന്നീ പഴങ്ങളാണിവ. വിഷൻ 2030 ന്റെ ഭാഗമായാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിച്ചത്. കർഷകർക്ക് പിന്തുണ നൽകുക. ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ ലഭ്യമാക്കുക. ഉയർന്ന നിലവാരമുള്ള പഴങ്ങൾ വിപണിയിൽ എത്തിക്കുക എന്നിവക്കായുള്ള പദ്ധതികളും നടന്നു വരുന്നുണ്ട്.
സീസണൽ പഴങ്ങൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ ജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതികളും സജീവമാണ്. വിളവെടുപ്പ് സീസൺ, വിവിധ ഫെസ്റ്റുകൾ തുടങ്ങിയവയും മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ അൽ ഖസീം പ്രവിശ്യയിൽ ഈന്തപ്പഴം ഫെസ്റ്റ് നടന്നു കൊണ്ടിരിക്കുകയാണ്. രണ്ട് കോടി എൺപതു ലക്ഷം റിയാലിന്റെ വിൽപനയാണ് ആദ്യ ആഴ്ചയിൽ തന്നെ ഉണ്ടായിട്ടുള്ളത്.