ഡബ്ലിനിലെ ബൊഹീമിയൻ ക്വാർട്ടർ എന്നാണ് ടെമ്പിൾ ബാർ ഡിസ്ട്രിക്ടിനെ വിളിക്കുന്നത്. ലിഫി നദിയുടെ തെക്കേകരയിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹരപ്രദേശം ഒരു കാലത്ത് ചതുപ്പുനിലമായിരുന്നുവത്രേ. ഇന്ന് എപ്പോഴും ഐറിഷ് പാട്ടുകളും നൃത്തങ്ങളും ആഘോഷങ്ങളും കൊണ്ട് അതിസുന്ദരി ആണ് ഈ തെരുവ്. ബിയറുകളും ഐറിഷ് ഭക്ഷണങ്ങളും നിറഞ്ഞ് സഞ്ചാരികളെ വരവേൽകുന്ന ഒരിടം. തെരുവിലെ ഏറ്റവും പ്രധാന പബ്ബായി ആണ് ടെമ്പിൾ ബാർ അറിയപ്പെടുന്നത്.
മഴ മേഘങ്ങളെ ഡബ്ലിനിൽ തന്നെ പിടിച്ചു നിർത്തിയ കാറ്റു എവിടയോ പോയ് മറഞ്ഞപോലെ സുന്ദരി ആണ് ഈ നഗരം. ടെമ്പിൾ ബാറിന്റെ കാഴ്ചകൾ അതിമനോഹരം ആണ്. ചുവന്ന ചായത്തിൽ മുക്കി പൂക്കൾ കൊണ്ട് അലങ്കരിച്ച കെട്ടിടം കാണാൻ തന്നെ ഒരു പ്രത്യേക സൗന്ദര്യമാണ്. ടൂറിസ്റ്റുകളെ മാത്രം കാത്തിരിക്കുന്ന ഈ സ്ഥലം ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു ഡെസ്റ്റിനേഷൻ തന്നെയാണ്. അന്തരീക്ഷത്തിൽ എങ്ങും ഹോപ്പ്സിന്റെയും ബാർലിയുടെയും ഗന്ധം നിറഞ്ഞു നിൽക്കുന്ന ഒരു അനുഭവം ഇവിടെ എത്തുമ്പോൾ മനസ്സിലാകും . ടെമ്പിൾ ബാറിനകത്തേക്കു കയറുന്ന ഒരു വിനോദസഞ്ചാരിയെ വരവേൽക്കുന്നത് ഗിറ്റാർ തന്ത്രികളിൽ ആസ്വാദകരെ പിടിച്ചിരുത്തുന്ന മാസ്മര സംഗീതം ആണ്. അത് അന്തരീക്ഷത്തിൽ ഇങ്ങനെ അലയടിച്ചു കൊണ്ടേയിരിക്കുന്നു .
പതിനേഴാം നൂറ്റാണ്ടിൽ വില്യം ടെംപിൾ എന്നൊരു വ്യക്തിയുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ടെമ്പിൾ ബാർ സ്ഥിതി ചെയുന്നത് എന്നാണ് പറയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടു മുതലുള്ള ചരിത്രം ഈ നഗരത്തിന് പറയാനുണ്ട്. എന്നാൽ ഇന്ന് ഡബ്ലിൻ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ഈ സ്ഥലം. ടെമ്പിൾ ഡിസ്ട്രിക്ടിൽ അനേകം ബാറുകളും പബ്ബുകളും ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടെമ്പിൾ ബാർ തന്നെയാണ്. സൂചി കുത്താൻ ഇടമില്ലാത്ത തരത്തിൽ അത്രയും ആളുകൾ എപ്പോഴും ടെമ്പിൾ ബാറിൽ ഇടംപിടിച്ചിട്ടുണ്ടാകും. ഇരിക്കാൻ സ്ഥലം കിട്ടാത്തവർ പോലും ലൈവ് സംഗീതവും ആസ്വദിച്ചു നിന്ന് കൊണ്ട് ബിയർ കുടിക്കുന്നത് കാണാം . ഏറ്റവും കൂടുതൽ സമയം ഗിറ്റാർ വായിച്ചതിനുള്ള ഗിന്നസ് പുരസ്‌കാരം നേടിയതും ടെമ്പിൾ ബാറിലെ ഒരു ഗിറ്റാറിസ്റ്റ് ആണ്. അത്രയ്ക്ക് പ്രാധാന്യമാണ് സംഗീതത്തിന് ഈ സ്ഥലം നൽകുന്നത്.
Story Highlights ;Dublin Temple bar