ആടുജീവിതം സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിരാജിന് ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് നടന്റെ അമ്മ മല്ലിക സുകുമാരന്‍. സാധാരണ അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കുന്ന ഒരാള്‍ ഒന്നുമല്ല താനെന്നും എന്നാല്‍ ഈ പടത്തില്‍ തന്റെ മകന്‍ അത്രയും കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ അവാര്‍ഡ് ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചിരുന്നതായും മല്ലിക സുകുമാരന്‍ പറഞ്ഞു. ആടു ജീവിതത്തിലെ അഭിനേതാവായ കെ ആര്‍ ഗോകുലിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്നും എല്ലാത്തിനും ഉപരി ബ്ലെസിയോടും നന്ദി പറയുന്നു എന്നും മല്ലിക സകുമാരന്‍ പറഞ്ഞു.
‘ഇന്നലെ തൊട്ട് ഞാന്‍ ഓരോരുത്തരും പറഞ്ഞു കേള്‍ക്കുന്നുണ്ട് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയേക്കും എന്നൊക്കെ. അതൊക്കെ കേട്ടപ്പോള്‍ സന്തോഷം തോന്നി. ഇന്ന് ഉച്ച ആയപ്പോഴേക്കും ഓരോരുത്തരും വിളിച്ച് എന്നോട് ആശംസകള്‍ പറയാന്‍ തുടങ്ങി. സാധാരണ ഞാന്‍ അവാര്‍ഡ് കിട്ടിയാലും കിട്ടിയില്ലെങ്കില്‍ ഒന്നും അധികം സങ്കടപ്പെടുന്ന ഒരാളല്ല. പക്ഷേ ഇത്തവണ ഞാന്‍ എന്റെ മോന്റെ കഷ്ടപ്പാട് ആലോചിക്കുമ്പോള്‍.. ഈശ്വരാ അവന് ഇങ്ങനെ ഒരു അംഗീകാരം കിട്ടിയല്ലോ.. ദൈവത്തിന് നന്ദി പറയുന്നു. ലക്ഷോപലക്ഷം പ്രേക്ഷകരോടും നന്ദി പറയുന്നു. അതുപോലെ അവന്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അല്ലാതെ ചുമ്മാതല്ല. എന്റെ കുഞ്ഞ് എന്തുമാത്രം കഷ്ടപ്പെട്ടു, ഒരു അമ്മ എന്ന നിലയില്‍ അവാര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നിറഞ്ഞ ഹൃദയത്തോടെയാണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. എനിക്ക് വാക്കുകള്‍ പോലും ശരിയായി കിട്ടുന്നില്ല. ഈ സിനിമയ്ക്ക് വേണ്ടി അവന്‍ 30 കിലോയോളം കുറച്ചു. കൊറോണ സമയത്താണവന്‍ ജോര്‍ദ്ദാനില്‍ ഇത്രയും കഷ്ടപ്പെട്ടത്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമാണ്. ഗോകുല്‍ എന്ന നടനെ ജൂറി അംഗീകരിച്ചതിലും ഒരുപാട് അഭിമാനം തോന്നുന്നു. എല്ലാത്തിന്റെയും ബ്ലെസിയോട് നന്ദി പറയുന്നു. നജീബിനെയും കുടുംബത്തെയും നേരിട്ട് കണ്ടാല്‍ കൊള്ളാമെന്ന ഒരാഗ്രഹവും എനിക്കുണ്ട്.’, മല്ലിക സുകുമാരന്‍ പറഞ്ഞു.
ബ്ലെസി ചിത്രം ‘ആടുജീവിതം’സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങിനില്‍ക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകന്‍. ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ നജീബിന്റെ യാതനകള്‍ ഒപ്പിയെടുത്ത സുനില്‍ കെ. എസ് ആണ് മികച്ച ഛായാ ഗ്രാഹകന്‍. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ( അവലംബിത തിരക്കഥ)ബ്ലെസി സ്വന്തമാക്കി. ചിത്രത്തില്‍ ഹക്കീമായി വേഷമിട്ട കെ.ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്‌കാരമുണ്ട്. റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ എന്നിവര്‍ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.
STORY HIGHLIGHTS: Mallika Sukumaran about Prithviraj