ചരിത്രപരമായ ഒരുപാട് പ്രത്യേകതകൾ ഒളിഞ്ഞിരിക്കുന്ന കുമയൂണിലെ ഈ മനോഹരമായ സ്ഥലം അറിയാം|Kumaon Uttarakhand
ചരിത്രപരമായി ഒരുപാട് പ്രത്യേകതകൾ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് കുമയൂൺ. ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഒരുപാട് മനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന ഒരു സ്ഥലമാണ് കുമയൂൺ. കുമയൂണിലെ ജനങ്ങൾ കുമയോണികൾ എന്നാണ് അറിയപ്പെടുന്നത്. ഹിമാലയൻ ഭൂപ്രദേശം ഉൾക്കൊള്ളുന്ന മനോഹരമായ ഈ പ്രദേശത്തെ കാണാൻ കാഴ്ചകൾ ഏറെയാണ്. ഇതിൽ തന്നെ നിരവധി കാഴ്ചകൾ കാണാനുള്ളത് പാണ്ഡവകോലിയിലാണ്.
ശകുനിയുടെ കള്ളചൂതിൽ കൗരവരോട് പരാജയപ്പെട്ട് രാജ്യമടക്കം സർവ്വവും നഷ്ടപ്പെട്ട്, 12 വർഷത്തെ വനവാസത്തിനു ശേഷമുള്ള ഒരു വർഷത്തെ അജ്ഞാത വാസക്കാലത്ത് പാണ്ഡവരും ദ്രൗപദിയും കുറെനാൾ താമസിച്ചിരുന്ന സ്ഥലമാണ് പാണ്ഡവ കോലി അഥവാ പാണ്ഡു കോലി എന്നറിയപ്പെടുന്ന സ്ഥലം. പേര് പോലെ തന്നെ പാണ്ഡവർക്ക് അഭയം നൽകിയ സ്ഥലമാണ് പാണ്ഡവകോലി. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 8800 അടി ഉയരമുള്ള മലമുകളിലേക്ക് ബാബാജി ഗുഹവഴിയും, കുക്കുച്ചിനിയയിൽ നിന്നും മറ്റൊരു കാട്ടുവഴിയിലൂടെയും ഒക്കെ ഈ സ്ഥലത്ത് എത്തിച്ചേരാം. മഹാവതാർ ബാബാജി ഗുഹയിൽ നിന്നും മുകളിലേക്കുള്ള ദുർഘടമായ ഒരു കയറ്റം കയറുമ്പോൾ വഴിയിൽ രണ്ട് മൂന്ന് ഗുഹകൾ കാണാൻ സാധിക്കും.
ഉൾക്കാട്ടിൽ കൂടുതൽ ഗുഹകൾ ഉണ്ടെന്നും അവിടെ ചില നാഗ സന്യാസിമാർ തപസ് അനുഷ്ഠിക്കുന്നുണ്ടെന്നും അവിടെയുള്ള ആളുകൾ പറയാറുണ്ട് . ഇത് സത്യമോ മിഥ്യയോ എന്ന് ഉറപ്പിക്കാൻ സാധിക്കില്ല.
മലമുകളിൽ എത്തിയാൽ സ്വർഗ്ഗപുരി ആശ്രമം കാണാൻ സാധിക്കും.ബാബാജിയുടെ ശിഷ്യനായ നാഗബാബ സന്ത് ബൽവന്ത് ഗിരി 35 വർഷം പാണ്ഡു കോലിയിൽ തപസ് ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്വാമിയാണ് സ്വർഗ്ഗപുരി ആശ്രമം സ്ഥാപിച്ചത്.
സ്വാമി 1994 ൽ സമാധിയായപ്പോൾ ശിഷ്യനായ സ്വാമി ധന്വന്തരഗിരി ചുമതലയേറ്റു. ധന്വന്തരഗിരിയുടെ സമാധിക്ക് ശേഷം ഒരു ട്രസ്റ്റാണ് ഭരണം ഏറ്റെടുത്തിരിക്കുന്നത്.
പാണ്ഡവകോലിയിലെ വാച്ച് ടവ്വറിൽ നിന്ന് നോക്കിയാൽ ഹിമാലയ മലനിരകളുടെ അതിമനോഹരമായ കാഴ്ച ഏതൊരു വിനോദസഞ്ചാരിയെയും അമ്പരപ്പിക്കും. ആശ്രമത്തോടനുബന്ധിച്ച് തന്നെ പഞ്ചപാണ്ഡവ രുടെ പ്രതിഷ്ഠ,മാകാളി, ഭൈരവ്,ശിവൻ, മഹാവതാർ ബാബാജി , സ്വാമി ബൽവന്ത് ഗിരി എന്നിവരുടെ ചെറിയ ക്ഷേത്രങ്ങളും ഇവിടെ കാണാൻ സാധിക്കും. ഇവിടെയെത്തുന്ന സന്ദർശകർക്ക് ചെറിയ രീതിയിലുള്ള താമസ സൗകര്യവും, മെഡിറ്റേഷൻ ആളുകളും സജ്ജീകരിച്ചിട്ടുണ്ട്..
ആശ്രമ പരിസരങ്ങ ളിൽ ധാരാളം പശുക്കൾ മേഞ്ഞ് നടക്കുന്ന കാഴ്ച ഒരു പ്രത്യേക കൗതുകം ആയിരിക്കും. പാണ്ഡവകോലി മലനിരകൾ കരടികളുടെ പ്രധാന താവളമാണെന്നാണ് പറയപ്പെടുന്നത്.
Story Highlights ; Kumaon Uttarakhand