കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയ, സംസ്ഥാന തലങ്ങളിൽ കോൺഗ്രസിനു വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള പ്രദേശ് മഹിള കോൺഗ്രസിന്റെ സ്റ്റേറ്റ് ക്യാമ്പ് സോൺ ഒന്ന് ആലുവ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് മുതൽ കെ.പി.സി.സി വരെ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളിലും ഭാരവാഹിത്വത്തിലും മഹിളകൾക്ക് അർഹമായ പ്രാതിനിധ്യം നൽകും. വാർഡ്, മണ്ഡലം തലങ്ങളിൽ മഹിള കോൺഗ്രസിൻ്റെ പ്രവർത്തനം കൂടുതൽ ഉർജിതമാക്കണമെന്നും വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ള പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
2026 ൽ പിണറായി സർക്കാരിനെ താഴെ ഇറക്കും വരെ മഹിള കോൺഗ്രസ് വിശ്രമരഹിതമായി അധ്വാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി. അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, അൻവർ സാദത്ത് എം.എൽ. എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, വൈസ് പ്രസിഡന്റ് ആർ.ലക്ഷ്മി, എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നായി ഇരുന്നൂറ്റിയമ്പതോളം ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് (ശനിയാഴ്ച്ച) സമാപിക്കും.
STORY HIGHLIGHTS: Kerala Pradesh Mahila Congress State Camp Zone One inagurated by V.D. Satheesan