കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് അടുത്ത ദിവസം പുറത്ത് വിടാനിരിക്കെ ഹൈക്കോടതിയിൽ ഹർജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. നടിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
മൊഴി നൽകിയവരുടെ അറിവ് ഇല്ലാതെ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് രഞ്ജിനി പ്രതികരിച്ചു. ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ ഉത്തരവാദിത്തം ഇല്ലാതെ റിപ്പോര്‍ട്ട് പുറത്ത് വിടരുത്. വനിതാ കമ്മീഷൻ ഇക്കാര്യം ഉറപ്പാക്കുമെന്ന് കരുതി. എന്നാൽ അത്തരം നീക്കമുണ്ടായില്ല. അതിൽ നിരാശയുണ്ട്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ഞങ്ങളെ ബന്ധപെട്ടിട്ടില്ല. പറഞ്ഞ കാര്യങ്ങൾ എങ്ങനെ പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ട്. റിപ്പോർട്ടിൽ മൊഴി നൽകിയവരുടെ സ്വകാര്യത ലംഘനമില്ലെന്ന് ഉറപ്പാക്കണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തു വിടേണ്ടതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് പുറത്തുവിടരുതെന്ന നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളിയതിന് പിന്നാലെ നാളെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇതിനിടെയാണ് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 295 പേജുകളുള്ള റിപ്പോർട്ടിലെ 62 പേജുകൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്.
സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്. നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം അറിയാൻ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്.
2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്.