തിരുവനന്തപുരം ബീമാപള്ളിയില്‍ മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് സഹോദരങ്ങളായ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ധിച്ചു കൊലപ്പെടുത്തിയാളുടെ മൃതദേഹം കണ്ടെത്തി. ബീമാപളളി കടപ്പുറത്തെ റോഡിലാണ് കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സ്ഥിതീകരിച്ച പൂന്തുറ പോലീസ്, ഒന്നാം പ്രതി ഇനാസിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരന്‍ ഇനാദ് ഇപ്പോഴും ഒളിവിലാണ്. വ്യാഴാഴ്ച രാത്രി 10.30-ഓടെ ബീമാപളളിക്ക് സമീപത്തെ റോഡിലായിരുന്നു സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. ബീമാപളളി ഈസ്റ്റ് വാര്‍ഡ് സദാം നഗറിലുളള നാഗൂര്‍ കണ്ണിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുള്‍ ഹസ്സന്റെയും ബദറുനിസയുടെയും മകന്‍ ഷിബിലി(38) ആണ് മരിച്ചത്. യുവാക്കളുടെ അടിയേറ്റ് മരിച്ച ഷിബിലിയും സഹോദരങ്ങളില്‍ ഒരാളായ ഇനാസും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. ബീമാപളളിക്ക് സമീപത്ത് രാത്രിയില്‍ റോഡില്‍വെച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെ ഷിബിലിയെ അന്വേഷിച്ച് ഇനാസും ഇയാളുടെ സഹോദരന്‍ ഇനാബും എത്തി. ബീമാപളളി റോഡില്‍നിന്ന് കടപ്പുറത്തേക്ക് പോകുന്ന ഇടവഴിയില്‍വെച്ച് ഷിബിലിയെ കണ്ടതോടെ അവിടെവെച്ച് വീണ്ടും അടിപിടിയുണ്ടായതായി പോലീസ് പറഞ്ഞു.
ഇരുവരും ചേര്‍ന്ന് ഷിബിലിയെ മതിലിനോട് ചേര്‍ത്തുവെച്ച് ക്രൂരമായി മര്‍ദ്ധിച്ചെന്ന് ഇയാളുടെ വസ്ത്രങ്ങളും കീറിയെറിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ഇയാളുടെ ഷര്‍ട്ട്, ചെരിപ്പുകള്‍ എന്നിവ കണ്ടെടുത്തു. അടിയേറ്റ് അവശനിലയിലായ ഷിബിലി അവിടെനിന്ന് ഓടി കടല്‍ തീരത്ത് എത്തി. പിന്നാലെ വന്ന ഇരുവരും ചേര്‍ന്ന് ഷിബിലെ തറയില്‍ തളളിയിട്ട് നെഞ്ചിലും കഴുത്തിലും ചവിട്ടിയെന്നും കല്ലുകൊണ്ട് ചുണ്ടിലും താടിയിലും തലയിലും കഴുത്തിലും ഇടിച്ചെന്നുമാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം യുവാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാരില്‍ ആരോ ഷിബിലിയുടെ സഹോദരന്‍ ഹലീല്‍ റഹ്‌മാനെ രാത്രി 12 ഓടെ വിവരമറിയിച്ചു. കടപ്പുറത്ത് എത്തിയ ഹലീലും സുഹൃത്തുക്കളും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന ഷിബിലിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. പ്രതികളായ യുവാക്കളുടെ അച്ഛനേയും മറ്റൊരു യുവാവിനെയും പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കുന്നതായി എസ്.എച്ച്.ഒ.പറഞ്ഞു.
മരിച്ച ഷിബിലിക്കെതിരെ പൂന്തുറ സ്റ്റേഷനിലടക്കം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 30 മോഷണക്കേസ്, അടിപിടി കേസുകള്‍ വേറെയും .കഴിഞ്ഞ മാസവും അടിക്കേസില്‍ റിമാന്‍ഡില്‍ പോയ ഷിബിലി ജാമ്യത്തിലിറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കു തര്‍ക്കമാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൂന്തുറ എസ്.എച്ച്.ഒ. എസ്. സാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ നെഞ്ചിലും മുതുകിലും ചവിട്ടേറ്റതിന്റെ പാടുകളും തലയിലും ചുണ്ടിലും മുറിവുകളുമുണ്ടെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളേജിലെത്തിച്ചശേഷം പോസ്റ്റുമാര്‍ട്ടം നടത്തി. മൃതദേഹം പിന്നീട് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
Content Highlights; Due to previous enmity, a young man was beaten to death in Beemapalli, Thiruvananthapuram.