തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സൈബർ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് പ്രതിരോധം തീർത്ത് സി.പി.എം. പോരാളി ഷാജിയല്ല ഇടതുപക്ഷമെന്നും പാർട്ടി നേരത്തെ തന്നെ തള്ളിപ്പറഞ്ഞവരെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ് കാഫിർ സ്‌ക്രീൻഷോട്ട് വിവാദമെന്നും അദ്ദേഹം വാദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. കാഫിർ വിഷയത്തിൽ ആദ്യം പരാതി നൽകിയത് എൽ.ഡി.എഫ് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പോരാളി ഷാജിയാണോ ഇടതുപക്ഷമെന്നു ചോദിച്ച അദ്ദേഹം അന്വേഷണം നടത്തി പൊലീസ് സത്യം കണ്ടെത്തട്ടെയെന്നും സി.പി.എമ്മിന് ഒന്നും ഒളിക്കാനില്ലെന്നും പറഞ്ഞു.
മുസ്ലീം സമുദായം മുഴുവൻ തീവ്രവാദികളാണെന്ന് ശൈലജ പറഞ്ഞു എന്നതായിരുന്നു വടകരയിലെ പ്രധാന പ്രചാരണം. പ്രവാചകൻ തെറ്റായ രീതികളെ പ്രചരിപ്പിച്ചുവെന്ന് ശൈലജ പറഞ്ഞുവെന്നാണ് മറ്റൊന്ന്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആർഎസ്എസിന്റെ നിലപാടാണ് ശൈലജയ്ക്ക് ഉള്ളത് എന്നും പ്രചരിപ്പിച്ചു. കാന്തപുരം എ.പി.ആബൂബക്കർ മുസ്ല്യാരുടെ ലെറ്റർപാഡ് വ്യാജമായി ഉണ്ടാക്കിയും ശൈലജക്കെതിരെ പ്രചാരണം നടത്തി, ഗോവിന്ദൻ ആരോപിച്ചു.
കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിഷയം പാർട്ടി വിശദമായി വിശകലനം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ രാഷ്ട്രീയ ചരിത്രത്തിൽ കാണാത്ത ചില പ്രവണതകൾ നവമാധ്യമങ്ങളിലൂടെ നടന്നു. എല്ലാം ചെയ്തതിന് പിന്നിൽ യുഡിഎഫിന്റെ പ്രേരണയുണ്ട്. വടകരയിൽ നടന്ന അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യണം. വടകരയിൽ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഒരു പ്രത്യേക സംസ്കാരമാണ് ഇതിലേക്കെല്ലാം നയിച്ചത്. ന്യൂമാഹിയിലെ ചില ലീഗ് പ്രവർത്തകരാണ് ഇതിന്റെയെല്ലാം പിന്നിലെന്നും ഗോവിന്ദൻ ആരോപിച്ചു.
നാടിനാപത്താണെന്ന് സൂചിപ്പിക്കുന്നത് ആയിരുന്നു ലതികയുടെ കുറിപ്പെന്ന് എംവി ഗോവിന്ദൻ ന്യായീകരിച്ചു. ഇതിൽ നിന്നും നാടിനെ രക്ഷിക്കാനുള്ളതായിരുന്നു. തകർക്കാനുള്ളതായിരുന്നില്ല പോസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ഇടതുപക്ഷത്തെക്ക് നീങ്ങുന്നു എന്ന വാർത്ത എന്താടിസ്ഥാനത്തിലാണെന്നും സിപിഐഎമ്മിന് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.