ടൈം ട്രാവല്‍ നടത്തുന്നതിനെ കുറിച്ച് നാം സിനിമകളിൽ ഒക്കെ കണ്ടിട്ടുണ്ടാകും. ശരിക്കും ഇത് യാഥാർഥ്യമാണോ… യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ചെയ്യാനാകുമോ … അങ്ങനെ ചെയ്യാൻ ചിലയിടങ്ങളും ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ… ഉദാഹരണത്തിന്, നിങ്ങള്‍ ഒരു യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്നിരിക്കട്ടെ, പെട്ടെന്ന് ഒരിടത്തെത്തുമ്പോള്‍ നിങ്ങളുടെ കയ്യിലെ ഫോണിലുള്ള സമയം താനേ മാറുന്നു! രണ്ടുകൊല്ലം കഴിഞ്ഞുള്ള തീയതിയാണ് നിങ്ങളുടെ ഉപകരണങ്ങളില്‍ കാണിക്കുന്നത് എന്നു കരുതുക, അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും? കേള്‍ക്കുമ്പോള്‍ കഥപോലെ തോന്നാമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ നടന്നതാണ്, മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ത്തന്നെ!
കഴിഞ്ഞ വര്‍ഷം ജാർഖണ്ഡിലെ തൈമര താഴ്‌വരയിലായിരുന്നു സംഭവം നടന്നത്. രാംപൂരിനും തൈമര വാലിക്കും ഇടയിലുള്ള റാഞ്ചി ജംഷഡ്പൂർ ഹൈവേ NH-33- ലൂടെ കടന്നുപോയ ആളുകള്‍ ഒരുകാര്യം ശ്രദ്ധിച്ചു, തങ്ങളുടെ മൊബൈലിലെ ക്ലോക്കില്‍ 2022-ന് പകരം 2024 എന്നു കാണിക്കുന്നു. വാട്സാപ്പും മറ്റു ആപ്പുകളുമെല്ലാം സമയം ക്രമീകരിക്കാനുള്ള സന്ദേശം കാണിക്കുന്നു! സോഷ്യല്‍മീഡിയയിലും മറ്റും ആളുകള്‍ ഈ കാര്യം പോസ്റ്റ് ചെയ്തു. പക്ഷേ ഈ പ്രതിഭാസത്തെക്കുറിച്ച് കാര്യമായ ഒരു വിശദീകരണം എവിടെ നിന്നും ലഭിച്ചില്ല. ഈ പ്രദേശത്തു കൂടി ഉത്തരായനരേഖ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടായിരിക്കാം ഈ സംഭവം ഉണ്ടാകുന്നതെന്ന് കുറേപ്പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഉത്തരായനരേഖ കടന്നുപോകുന്ന ഭൂമിയിലെ മറ്റിടങ്ങളില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നില്ല എന്ന ചോദ്യം ബാക്കിയായി.
തൈമര താഴ്‌വരയില്‍ ശക്തമായ കാന്തികവികിരണങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെയും റോഡരികിലെ തെരുവുവിളക്കുകളുടെയും ലൈറ്റുകള്‍ മിന്നിമിന്നിക്കളിക്കുന്നു. മാത്രമല്ല, അടുത്തുള്ള സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാനാവില്ല. സമയവും തീയതിയും മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ഈ പ്രദേശത്തുള്ള ജംചുവ ഏരിയയിലെ കസ്തൂർബാ ബാലിക റെസിഡൻഷ്യൽ സ്കൂളില്‍ സ്‌കൂളിലെ കുട്ടികളുടെയും ജീവനക്കാരുടെയും ബയോമെട്രിക് ഹാജർ തയ്യാറാക്കാനാവില്ല. ആവർത്തിച്ച് സമയമേഖലകൾ മാറുന്നതിനാൽ ഇന്റർനെറ്റും നിരവധി ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.ഫോൺ വിളിക്കാൻ മാത്രമേ കഴിയൂ.
അത്രയധികം കാഴ്ചകള്‍ ഒന്നും കാണാനില്ലാത്ത ഇടമാണ് തൈമര താഴ്‍വര. റാഞ്ചിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ദസം വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന റോഡിന് സമീപമാണ് ഈ താഴ്‌വരയുടെ തുടക്കം. പോകുംവഴി, നാലുവരിപ്പാതയുടെ ഇരുവശത്തും മലകളും താഴ്‌വരകളും കാണാം. മഴക്കാലത്ത് പര്‍വതങ്ങളിലൂടെ പറന്നുനടക്കുന്ന മേഘങ്ങളുടെ കാഴ്ചയും അടുത്തുനിന്നു കാണാം. കാളിയുടെയും ബജ്‌റംഗ് ബലിയുടെയും പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഈ മേഖലയിലുണ്ട്. വഴിയാത്രക്കാർ ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വണ്ടി നിർത്തുന്നു. ഈ ക്ഷേത്രത്തെക്കുറിച്ചും നിരവധി കഥകള്‍ ഈ പ്രദേശത്ത് പ്രചരിക്കുന്നുണ്ട്. മുന്‍പ്, ഈ വഴി വാഹനങ്ങളില്‍ കടന്നുപോകുന്നവര്‍, പെട്ടെന്ന് വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ മുന്നിലേക്ക് നടന്നുവരുന്നതായി കാണാറുണ്ടായിരുന്നത്രേ. സ്ത്രീയെ രക്ഷിക്കാൻ, ഡ്രൈവർമാർ വാഹനം വെട്ടിക്കുമ്പോള്‍ അപകടം ഉണ്ടാകുന്നത് പതിവായിരുന്നു. ഈ റോഡിൽ നിറയെ കേടായ വാഹനങ്ങൾ കാണാം. അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ആളുകള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് കാളീക്ഷേത്രം എന്നു പറയപ്പെടുന്നു. തൈമര താഴ്‌വരയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍, ഇത്തരം കഥകളും അനുഭവങ്ങളും ഉള്ളതുകൊണ്ടുതന്നെ ഒട്ടേറെപ്പേര്‍ ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കുന്നു.
STORY HIGHLLIGHTS: jharkhand-ghost-town-taimara-mysterious-valley