ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കവേ നിർണായക കണ്ടെത്തൽ. ഗംഗാവലിപ്പുഴയിൽനിന്നു വലിയ ലോഹഭാഗം ലഭിച്ചു. ഇത് അർജുന്റെ ട്രക്കിന്റേതാണെന്നാണു സംശയിക്കുന്നത്.
ലോഹഭാഗം രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ പുറത്തെടുക്കുകയാണ്. നദിയിൽനിന്നു കയർ പുറത്തെടുത്തിട്ടുണ്ടെന്ന് അർജുന്റെ ട്രക്കിന്റെ ഉടമ മനാഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത് തന്റെ ലോറിയുടേതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരവധി ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും തന്‍റെ വാഹനത്തിന്‍റേതാണെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാൽപയുടെ സംഘത്തിന്റേതാണ് നിർണായക കണ്ടെത്തൽ. വലിച്ചു കയറ്റിയ ലോഹഭാഗങ്ങൾക്കൊപ്പമാണ് കയറും ലഭിച്ചിരിക്കുന്നത്. അതേ സമയം വണ്ടിയുടെ ബോഡിപാർട്ട് അർജുന്റെ വണ്ടിയുടേതല്ല.
ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മലയാളി ഡ്രൈവറായ അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചിലാണ് ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് ഇന്ന് പരിശോധന നടത്തിയത്. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരാണ് ഇന്ന് തെരച്ചിലില്‍ പങ്കാളികളായത്.അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.
അതേസമയം, ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.