India

ഡ്രഡ്ജർ എത്താൻ വൈകും; ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നീളും- Arjun Rescue Mission

ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ തിരച്ചിൽ ആരംഭിച്ചത്. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഇന്നത്തെ തിരച്ചിൽ. ഈശ്വർ മാൽപെക്കും, നേവിക്കും ഒപ്പം എൻഡിആർഎഫിന്റെ രണ്ട് ഡൈവർമാറും ഇന്ന് ഗംഗാവലിപുഴയുടെ ആഴങ്ങളിലേക്കിറങ്ങി. എന്നാൽ പുഴയുടെ അടിത്തട്ടിലെ കാഴ്ചാ പരിമിതിയും മൺകൂനയും ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി.

മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

അതേസമയം, ഗംഗാവലിപ്പുഴയിൽനിന്നു വലിയ ലോഹഭാഗം ലഭിച്ചു. ഇത് അർജുന്റെ ട്രക്കിന്റേതാണെന്നാണു സംശയിക്കുന്നത്. ലോഹഭാഗം രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ പുറത്തെടുക്കുകയാണ്. നദിയിൽനിന്നു കയർ പുറത്തെടുത്തിട്ടുണ്ടെന്ന് അർജുന്റെ ട്രക്കിന്റെ ഉടമ മനാഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത് തന്റെ ലോറിയുടേതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരവധി ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും തന്‍റെ വാഹനത്തിന്‍റേതാണെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News