കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി നടത്തുന്ന തെരച്ചിൽ അവസാനിപ്പിക്കാൻ നീക്കം. തെരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്ചയെടുക്കും.
ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തെരച്ചിൽ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. മുണ്ടക്കയിലും ചൂരൽമലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോൾ തെരച്ചിൽ നടക്കുന്നുണ്ട്.
ചാലിയാറിന്റെ തീരങ്ങളിൽ വിവിധ സേനാവിഭാഗങ്ങൾ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരീര ഭാഗങ്ങൾ അല്ലാതെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരിത ബാധിതരോ കാണാതായവരുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ തെരച്ചിൽ തുടരും. ഇക്കാര്യത്തിൽ എല്ലാം അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടാകും.
അതേസമയം, ഇന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ, കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തെരച്ചില്‍ നടത്തിയിരുന്നു.
ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു നിലമ്പൂര്‍ മേഖലയില്‍ തെരച്ചില്‍ നടന്നത്. ഉള്‍വനത്തിലെ പാറയുടെ അരികുകള്‍ ചേര്‍ന്നും പരിശോധന നടത്തി. മുണ്ടേരി ഫാം പരപ്പന്‍പാറ, പനങ്കയം- പൂക്കോട്ടുമണ്ണ, പൂക്കോട്ടുമണ്ണ- ചാലിയാര്‍ മുക്ക്, ഇരുട്ടുകുത്തി- കുമ്പളപ്പാറ, കുമ്പളപ്പാറ- പരപ്പന്‍പാറ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് തെരച്ചില്‍ നടന്നത്.
സേനാവിഭാഗങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായി. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചില്ല. ജനകീയ തെരച്ചിലിന്റെ ഭാഗമായി നിരവധിപേരാണ് പ്രദേശത്തെത്തിയത്.