കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ദുരന്ത സാധ്യതയേറിയ മേഖലകൾ അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തണമെന്ന് ഹൈകോടതി. പുനരധിവാസമടക്കമുള്ള കാര്യങ്ങൾക്കായി സ്വീകരിച്ച നടപടികൾ ഒാരോ ആഴ്ചയും അറിയിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ഉത്തരവിട്ടു.
എല്ലാ വെള്ളിയാഴ്ചയും ആദ്യ കേസായി വിഷയം പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഒരു മേഖലയിൽ അസാധാരണ മഴയുണ്ടാവുമ്പോൾ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികൾ വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ സ്ഥിതിഗതികൾ ഏറെ പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ടാണ് ഓരോ ആഴ്ചയും നടപടികളുടെ പുരോഗതി വിലയിരുത്തുന്നത്.
ഉരുൾപൊട്ടലിന്‍റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. വിശദീകരണത്തിന് അഡ്വക്കറ്റ് ജനറൽ സമയം തേടി. മഴ മാറുന്നതോടെ വയനാടിന് പുറത്തുള്ള മേഖലയിലെ പ്രശ്നങ്ങളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി, നാഷനൽ റിമോട്ട് സെൻസിങ് സെന്‍റർ എന്നിവയെയും കേസിൽ കക്ഷി ചേർത്തു.
അതേസമയം, വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി നടത്തുന്ന തെരച്ചിൽ അവസാനിപ്പിക്കാൻ നീക്കം. തെരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്ചയെടുക്കും.
ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തെരച്ചിൽ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. മുണ്ടക്കയിലും ചൂരൽമലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോൾ തെരച്ചിൽ നടക്കുന്നുണ്ട്.
ചാലിയാറിന്റെ തീരങ്ങളിൽ വിവിധ സേനാവിഭാഗങ്ങൾ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരീര ഭാഗങ്ങൾ അല്ലാതെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരിത ബാധിതരോ കാണാതായവരുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ തെരച്ചിൽ തുടരും. ഇക്കാര്യത്തിൽ എല്ലാം അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടാകും.