തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി. കുറ്റപത്രം അടിസ്ഥാനരഹിതമെന്ന പ്രതിയുടെ വാദവും കോടതി തളളി.
പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തില്‍ കുറ്റം നിഷേധിക്കുകയാണ് പ്രതി ചെയ്തത്. തുടര്‍ന്ന് പ്രതിയെ നരഹത്യാ കുറ്റത്തിനടക്കം വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് പ്രതിക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.
ശ്രീറാം തുടര്‍ച്ചയായി ഹാജരാകാതിരുന്നതില്‍ കുറ്റപത്രം വായിക്കുന്നത് പല തവണ കോടതി മാറ്റിവച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിയെ വാക്കാല്‍ ശാസിച്ച കോടതി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ശ്രീറാം കോടതിയില്‍ നേരിട്ട് എത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279(അശ്രദ്ധമായി മനുഷ്യജീവന് ആപത്താകും വിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍), 304 (മനപൂര്‍വമുള്ള നരഹത്യ), 201(തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍), മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184(മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയത്.
കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.